ദഹ്‌റാൻ- കഴിഞ്ഞ സെപ്റ്റംബറിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നേരിട്ട ബഖീഖ് എണ്ണ പ്ലാന്റ് ആശ്രയിക്കുന്നത് കുറക്കാൻ ശ്രമിച്ചുവരികയാണെന്ന് സൗദി അറാംകോ സി.ഇ.ഒ എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു. എണ്ണ പ്ലാന്റുകൾക്കുള്ള സുരക്ഷ ഉയർത്തുന്നതിനുള്ള പ്രവർത്തനവും അന്തിമ ഘട്ടത്തിലാണ്.
ബഖീഖ്, ഖുറൈസ് എണ്ണ പ്ലാന്റുകൾക്കു നേരെ സെപ്റ്റംബറിലുണ്ടായ ആക്രമണങ്ങൾ സൗദി എണ്ണ വ്യവസായ മേഖലയുടെ ശക്തിയും വഴക്കവും ഈ രംഗത്ത് സമാനതയില്ലാത്ത രാജ്യമാണ് സൗദി അറേബ്യയെന്നും തെളിയിച്ചു. ഏതു സാഹചര്യത്തിലും എണ്ണക്ക് ആശ്രയിക്കാവുന്ന ഉറവിടമാണ് സൗദി അറേബ്യ എന്നും ആക്രമണം തെളിയിച്ചു. ഉള്ളടക്കം ശൂന്യമാക്കിയും സമ്മർദം ഇല്ലാതാക്കിയും സുപ്രധാന ഉപകരണങ്ങൾ സംരക്ഷിക്കുന്ന സൂപ്പർ ഡംപ് സാങ്കേതിക വിദ്യ ബഖീഖ് പ്ലാന്റിലുണ്ട്. ഇതു മൂലമാണ് അതിശക്തമായ ആക്രമണമുണ്ടായിട്ടും വേഗത്തിൽ ഉൽപാദനം പുനരാരംഭിക്കുന്നതിന് സൗദി അറേബ്യക്ക് സാധിച്ചത്.
വർധിച്ചുവരുന്ന എണ്ണയാവശ്യം നിറവേറ്റുന്നതിനും ആഗോള തലത്തിൽ എണ്ണ വ്യവസായ മേഖലക്ക് ചുക്കാൻ പിടിക്കുന്നതിനും സൗദി അറേബ്യക്ക് സാധിക്കും.
ലോകത്തെ ഊർജാവശ്യത്തിൽ എണ്ണയും പ്രകൃതി വാതകവും പ്രധാന പങ്ക് വഹിക്കുന്നത് ദീർഘകാലം തുടരും. വാതക ബഹിർഗമനം കുറക്കുന്നതിനും സൗദി അറേബ്യ അതീവ് ശ്രദ്ധ ചെലുത്തുന്നു. ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സമൃദ്ധി കൈവരിക്കുന്നതിനും ആവശ്യമായ സുസ്ഥിരവും വിശ്വസനീയവും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുമുള്ള ഊർജ ലഭ്യതക്ക് ഏറ്റവും മികച്ച പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന് നവീന കണ്ടുപിടിത്തങ്ങൾ അനിവാര്യമാണ്.
ആഗോള വെല്ലുവിളികൾക്കുള്ള ദീർഘകാല പരിഹാരത്തിൽ ഭാഗമാകുന്നതിന് ഞങ്ങളുടെ വ്യവസായത്തിന് കഴിയുമെന്ന് തെളിയിക്കാൻ അനുയോജ്യമായ ഒരു വേദിയുണ്ടെന്നാണ് ഇന്റർനാഷണൽ പെട്രോളിയം ടെക്‌നോളജി 2020 സമ്മേളനത്തിലൂടെ ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കുന്നതെന്ന്, കാർബൺ കുറഞ്ഞ ഊർജ മിശ്രിതത്തിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകതയും ലോകം ഇന്ന് ആസ്വദിക്കുന്ന സാമ്പത്തിക അഭിവൃദ്ധി സൃഷ്ടിക്കുന്നതിൽ ഊർജ വ്യവസായ മേഖല വഹിച്ച പങ്കും ഊന്നിപ്പറഞ്ഞ് എൻജിനീയർ അമീൻ അൽനാസിർ കൂട്ടിച്ചേർത്തു.