ദുബായ്- ഈ വര്‍ഷം ദുബായില്‍ നടക്കുന്ന ലോക എക്‌സ്‌പോ 2020 ക്ക് എത്തുന്നവരെ സ്വീകരിക്കാന്‍ ദുബായ് എമിഗ്രേഷന്‍ ഒരുങ്ങിയതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. വര്‍ധിച്ച യാത്രക്കാര്‍ പ്രതീക്ഷിക്കുന്ന എക്‌സ്‌പോ 2020 ലെ സന്ദര്‍ശകര്‍ക്ക് മികച്ച സേവനങ്ങളാണ് വകുപ്പ് നല്‍കുക. ഏറ്റവും വേഗത്തില്‍ സന്തോഷകരമായ സേവന നടപടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ 200,000 സന്ദര്‍ശകരെ ദുബായ് സ്വാഗതം ചെയ്തു. സ്മാര്‍ട്ട് ഗേറ്റുകളുടെ എണ്ണം 126 ആയി ഉയര്‍ത്തിയതിനാല്‍ പ്രതിദിനം 50,000 യാത്രക്കാരെയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ദുബായ് 4.6 ദശലക്ഷം ടൂറിസ്റ്റ് വിസകള്‍ ഇഷ്യു ചെയ്തു. ടൂറിസ്റ്റ് വീസകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് 2020 ല്‍ പ്രതിക്ഷിക്കുന്നത്.