റിയാദ് - വികലാംഗർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ പ്രത്യേക സേവനങ്ങളും പരിചരണങ്ങളും നൽകുന്നതിന് വിമാന കമ്പനികൾ അധിക ഫീസും നിരക്കുകളും ഈടാക്കാൻ പാടില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
വികാലംഗർക്ക് ആവശ്യമായ പ്രത്യേക സേവനങ്ങളും പരിചരണങ്ങളും സൗജന്യമായി നൽകുന്നതിന് വിമാന കമ്പനികൾ ബാധ്യസ്ഥമാണ്. ഊന്നുവടികൾ അടക്കമുള്ള തങ്ങളുടെ ഉപകരണങ്ങൾ വിമാനങ്ങളുടെ മുകൾ ഭാഗത്തുള്ള ലഗേജ് ഹോൾഡറിലോ സീറ്റുകൾക്ക് താഴെയോ സൂക്ഷിക്കുന്നതിനും ഇവ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുന്നതിന് വിമാന ജീവനക്കാരോട് ആവശ്യപ്പെടുന്നതിനും വികലാംഗർക്ക് അവകാശമുണ്ട്.
വിമാനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും വികലാംഗരെ സഹായിക്കാൻ വിമാന കമ്പനികൾ ബാധ്യസ്ഥമാണ്. ടെർമിനലിന്റെ പ്രവേശന കവാടത്തിൽ നിന്ന് പ്രധാന ഭാഗങ്ങളിലേക്കെല്ലാം നീങ്ങുന്നതിനും വികലാംഗരെ വിമാന കമ്പനികൾ സഹായിച്ചിരിക്കണം.
കാലതാമസം കൂടാതെ കണക്ഷൻ ഫ്‌ളൈറ്റുകളിൽ കയറിപ്പറ്റുന്നതിന് ഗെയ്റ്റുകൾക്കിടയിൽ സഞ്ചരിക്കുന്നതിനും വികലാംഗരെ വിമാന കമ്പനികൾ സഹായിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.