കോട്ടയം - ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർപേഴ്സൺ ബൽക്കീസ് നവാസിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 28 അംഗ നഗരസഭയിലെ 11 യു.ഡി.എഫ് അംഗങ്ങൾ ഉൾപ്പടെ 18 പേർ മാത്രമാണ് പങ്കെടുത്തത്. ഇടതു ക്യാമ്പിലെ വിള്ളൽ പ്രതീക്ഷിച്ചായിരുന്നു യു.ഡി.എഫിന്റെ അവിശ്വാസ നീക്കം. എന്നാൽ ഇടത് അംഗങ്ങൾ അവിശ്വാസ ചർച്ച ബഹിഷ്‌കരിച്ചതോടെ ഇത് പരാജയപ്പെട്ടു. പി.സി ജോർജിനൊപ്പം നിന്ന കൗൺസിലറായ വൈസ് ചെയർപേഴ്സൺ ബൽക്കീസ്, ജനപക്ഷം ബിജെപിയ്ക്കൊപ്പം ചേർന്നതിനെ തുടർന്ന് ലീഗിൽ ചേർന്നിരുന്നു. എന്നാൽ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നതിനെതിരെയായിരുന്നു യു.ഡി.എഫ് ബൽക്കീസ് നവാസിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. ബൽക്കീസ് നവാസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവാണെന്ന് വ്യക്തമാക്കി. ചെയർമാൻ തെരഞ്ഞെടുപ്പിൽ മാറിനിൽക്കാൻ നിർദേശിച്ചത് ലീഗ് നേതാക്കളാണെന്നും ആരോപിച്ചു. ഇതിന്റെ രേഖ കൈവശം ഉണ്ട്. ഇതുവരെ ഉണ്ടായിട്ടുള്ള അവിശ്വാസ അവതരണങ്ങൾക്കെല്ലാം പിന്നിൽ യുഡിഎഫായിരുന്നുവെന്ന് എസ്ഡിപിഐ അംഗങ്ങൾ കുറ്റപ്പെടുത്തി. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളോട് കാട്ടുന്ന ഈ അനീതി അവസാനിപ്പിക്കണം. എന്നാൽ അവിശ്വാസ അവതരണം ജനാധിപത്യ രീതിയിലുള്ള പ്രക്രിയ മാത്രമാണെന്നു യു.ഡി.എഫ് അംഗങ്ങൾ പ്രതികരിച്ചു.