Sorry, you need to enable JavaScript to visit this website.

 'ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മഹത്വമറിയാത്ത ചിലരുണ്ട്' ; മുല്ലപ്പള്ളിക്കെതിരെ പിണറായി


തലശേരി- പൗരത്വഭേദഗതി വിരുദ്ധ പ്രതിഷേധങ്ങളില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വഭേദഗതിക്ക് എതിരായി ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് പ്രക്ഷോഭം നടത്തിക്കൊണ്ട് കേരളം രാജ്യത്തിന് തന്നെ മാതൃകയായി. എന്നാല്‍ കൂട്ടായ്മയ്ക്ക് തടസമായി ഒന്നിച്ചുള്ള പോരാട്ടത്തിന്റെ മഹത്വം മനസിലാകാത്ത ചില ചെറിയ മനസുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ തലശേരിയില്‍ നടന്ന ഭരണഘടന സംരക്ഷണറാലിയിലാണ് അദേഹം മുല്ലപ്പള്ളിയ്ക്ക് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പൗരത്വഭേദഗതിയില്‍ ഇടതിനൊപ്പം നില്‍ക്കേണ്ടെന്ന നിലപാടാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരിച്ചത്. ഇതേതുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന യോഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസും വിട്ടുനിന്നിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

പൗരത്വഭേദഗതിക്ക് എതിരായി പ്രതിപക്ഷ പിന്തുണയോടെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു . ഇതിനെ വിലക്കുറച്ച് കാണുന്ന രീതിയിലും പ്രമേയത്തിന്റെ നിയമസാധുത സംബന്ധിച്ചും മുല്ലപ്പള്ളി നടത്തിയ പ്രസ്താവന കോണ്‍ഗ്രസില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
 

Latest News