ദുബായ്- യു.എ.ഇ.യില്‍ കനത്ത മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴത്തോടുകൂടിയ ശക്തമായ മഴയാണ് പെയ്തത്. ഇടതടവില്ലാതെ മഴ പെയ്യുന്ന റാസല്‍ഖൈമയിലെ അല്‍ തവെയ്ന്‍ പ്രദേശത്താണ് ആലിപ്പഴം അധികമായി വീണതെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ഉമ്മുല്‍ഖുവൈനിലും കനത്ത ആലിപ്പഴവര്‍ഷമുണ്ടായിരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1900 വാഹനാപകടങ്ങളില്‍ 55 എണ്ണം ഗുരുതരമാണെന്ന് ദുബായ് പോലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയില്‍ കഴിവതും സ്വകാര്യവാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ നിര്‍ദേശിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ നടപടികളുമായി ദുബായ് ആര്‍.ടി.എ. പൂര്‍ണസജ്ജമായിരുന്നു.
രൂക്ഷമായ ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു. ശൈഖ് സായിദ് റോഡില്‍ ദുബായ് മാള്‍ എക്‌സിറ്റിലെ അണ്ടര്‍പാസില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം തിരിച്ചുവിട്ടു. അല്‍ഖൈല്‍ റോഡില്‍ രണ്ട് ലെയ്‌നുകളും ദുബായ് പാര്‍ക്‌സ് ബ്രിഡ്ജും അടച്ചിട്ടു. അബുദാബിയിലെ റോഡിലെ വെള്ളക്കെട്ടില്‍ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. ദുബായ്അബുദാബി റോഡില്‍ നൂറുകണക്കിന് വാഹനങ്ങള്‍ സര്‍വീസ് റോഡിലേക്ക് തിരിച്ചുവിട്ടു.
പ്രതികൂലകാലാവസ്ഥയെത്തുടര്‍ന്ന് ഫ്‌ളൈ ദുബായിയുടെ 13 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ചില വിമാനങ്ങള്‍ ഏറെ വൈകി. നേരത്തേ എയര്‍ഇന്ത്യയുടെ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് നിരവധിവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഷാര്‍ജയിലും വിമാനങ്ങള്‍ വൈകി. വിമാനങ്ങള്‍ ജബല്‍അലി അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.
ശൈത്യകാല അവധികഴിഞ്ഞ് സ്‌കൂള്‍ തുറന്ന് അധികമാകും മുന്‍പാണ് കുട്ടികള്‍ക്ക് കനത്ത മഴയില്‍ വീണ്ടുമൊരു അവധികൂടി ലഭിച്ചത്. നിര്‍ത്താതെപെയ്ത മഴമൂലം ഒഴുകിയെത്തിയ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ സ്‌കൂള്‍ കെട്ടിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അസ്ഥിര കാലാവസ്ഥയെത്തുടര്‍ന്ന് ചില സ്‌കൂളുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചില്ല. പരീക്ഷകളും മാറ്റിവെച്ചിരുന്നു. പല സ്‌കൂളുകളും തുറക്കുന്നത് നീട്ടി.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മതിലിടിഞ്ഞുവീണ് ആഫ്രിക്കന്‍ സ്വദേശിനി മരിച്ചു. റാസല്‍ഖൈമ അല്‍ ഫഹ്‌ലിം പ്രദേശത്തെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന യുവതിയാണ് വീടിന്റെ മതിലിന് അടിയില്‍പ്പെട്ട് മരിച്ചതെന്ന് ഉന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
എമിറേറ്റിലുടനീളം 87 പട്രോളിംഗ് സംഘത്തെ നിയോഗിച്ചിരിക്കുന്നതായി റാസല്‍ഖൈമ പോലീസ് അറിയിച്ചു. രണ്ടു ദിവസമായി കാലാവസ്ഥയെക്കുറിച്ച് അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍വഴി മുന്നറിയിപ്പുനല്‍കുന്നതായും അധികൃതര്‍ അറിയിച്ചു.
വെള്ളക്കെട്ടില്‍ കുടുങ്ങിയ 32 പേരെ അബുദാബി പോലീസ് രക്ഷപ്പെടുത്തി. അല്‍ഐനിലെ വിവിധയിടങ്ങളിലാണ് ആളുകള്‍ കുടുങ്ങിയത്.
മൂവായിരത്തിലേറെ ദുബായ് മുനിസിപ്പാലിറ്റി തൊഴിലാളികളാണ് മഴ തോരുന്ന സമയങ്ങളില്‍ ദുബായ് റോഡുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത്. 35 വലിയ പമ്പുകള്‍ ഉപയോഗിച്ചാണ് വെള്ളക്കെട്ടുകള്‍ ഒഴിവാക്കിയത്.