ഷാര്‍ജ- ഇക്കൊല്ലത്തെ ഷാര്‍ജ പൊതുബജറ്റ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമി പ്രഖ്യാപിച്ചു. 2019 നെ അപേക്ഷിച്ച് രണ്ട് ശതമാനം വര്‍ധനയാണ് ഇത്തവണത്തെ പൊതുബജറ്റിലുള്ളത്. 2910 കോടി ദിര്‍ഹമാണ് പൊതുബജറ്റില്‍ വകയിരുത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക പരിപാടികള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ചെലവഴിക്കും.
പൊതുബജറ്റിന്റെ ഏകദേശം 33 ശതമാനം എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവെച്ചു. ഇത് 2019 ലെ ബജറ്റിനെക്കാള്‍ 10 ശതമാനം വളര്‍ച്ചയാണ്. 36 ശതമാനവും സാമ്പത്തിക വികസനത്തിനായും മാറ്റി. സാമൂഹിക വികസനത്തിന് 24 ശതമാനമാണ് നീക്കിയത്. ഇത് 2019 നേക്കാള്‍ ഒരു ശതമാനം അധികമാണ്.