മസ്‌കത്ത് - സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ നേരിട്ട് അനുശോചനം അറിയിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്റെ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍സഈദ്, പ്രതിരോധ മന്ത്രി സയ്യിദ് ബദ്ര്‍ ബിന്‍ സൗദ് അല്‍ബൂസഈദി, ഒമാനിലെ സൗദി അംബാസഡര്‍ ഈദ് അല്‍സഖഫി, മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ശദി തുടങ്ങിയവര്‍ ചേര്‍ന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സല്‍മാന്‍ രാജാവിനെ സ്വീകരിച്ചു.
രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍, സഹമന്ത്രിയും രാജാവിന്റെ ഉപദേഷ്ടാവുമായ ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍, കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍, അല്‍ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സൗദ് രാജകുമാരന്‍, സൗദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി ഡോ. മുസാഅദ് അല്‍ഈബാന്‍, റോയല്‍ പ്രോട്ടോകോള്‍ വിഭാഗം മേധാവി ഖാലിദ് അല്‍അബാദ് തുടങ്ങി നിരവധി രാജകുമാരന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിക്കുന്നുണ്ട്.
റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും രാജാവിന്റെ ഉപദേഷ്ടാവ് ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരനും അടക്കമുള്ളവര്‍ ചേര്‍ന്ന് കിംഗ് സല്‍മാന്‍ വ്യോമതാവളത്തില്‍ സല്‍മാന്‍ രാജാവിനെ യാത്രയാക്കി. തന്റെ അഭാവത്തില്‍ ഭരണകാര്യങ്ങളുടെ ചുമതല കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ രാജാവ് ഏല്‍പിച്ചിട്ടുണ്ട്.