കൊൽക്കത്ത- പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിക്കുന്നവരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽലെ പോലീസ് തെരുവുനായ്ക്കളെ പോലെ വെടിവെച്ചുകൊല്ലുന്നുണ്ടെന്ന ബി.ജെ.പി ബംഗാൾ ഘടകം നേതാവ് ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ രംഗത്ത്. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനയാണ് ദിലീപ് ഘോഷ് നടത്തിയതെന്ന് ബാബുൽ സുപ്രിയോ വ്യക്തമാക്കി. ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഇത്തരത്തിൽ പ്രക്ഷോഭകരെ നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവനാത്മകമായ കാര്യമാണ് ദിലീപ് ഘോഷ് നടത്തിയതെന്നും ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങൡലൊന്നും പ്രക്ഷോഭകരെ ഇത്തരത്തിൽ നേരിട്ടിട്ടില്ലെന്നും ബാബുൽ സുപ്രിയോ പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച നാദിയയിൽ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ദിലീപ് ഘോഷ് വിവാദപരാമർശം നടത്തിയത്. ബംഗാളിൽ പ്രക്ഷോഭം നടത്തുന്നവർക്ക് നേരെ എന്തുകൊണ്ടാണ് മമതയുടെ പോലീസ് വെടിവെക്കാത്തത് എന്ന് ചോദിച്ച ദിലീപ് ഘോഷ് യു.പി, കർണാടക, അസം എന്നീ സംസ്ഥാനങ്ങളിലെ പ്രക്ഷോഭകരോട് അവിടുത്തെ ബി.ജെ.പി സർക്കാർ തെരുവുനായ്ക്കളോട് പെരുമാറുന്ന പോലെയാണ് പെരുമാറുന്നത് എന്നും പറഞ്ഞിരുന്നു. ബംഗാളിൽ റെയിൽവെ മുതലുകൾ പ്രക്ഷോഭകർ നശിപ്പിച്ചിട്ടും അവർക്ക് നേരെ വെടിവെക്കാനോ ലാത്തിചാർജ്ജ് നടത്താനോ പോലീസ് തയ്യാറാകുന്നില്ലെന്നും ആരോപിച്ചിരുന്നു.