ജിദ്ദ - സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടം റയൽ മഡ്രീഡിന്. പെനാൽറ്റി ഷൂട്ടൗട്ട് വിജയികളെ തീരുമാനിച്ച മത്സരത്തിൽ അത്‌ലറ്റികോ മഡ്രീഡിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മഡ്രീഡ് തോൽപ്പിച്ചത്. ബാറിന് കീഴിൽ റയലിന്റെ തിബോട് കോർട്ടോയിസ് നടത്തിയ അതുല്യപ്രകടനമാണ് സ്പാനിഷ് സൂപ്പർ കപ്പിൽ പതിനൊന്നാം കിരീടം ചുടാൻ റയലിന് സഹായകരമായത്. റയലിന് വേണ്ടി ഡാനി കർവാജൽ, റോഡ്രിഗോ, ലുക മോഡ്രിക്, സെർജിയോ റമോസ് എന്നിവർ റയലിന് വേണ്ടി ഗോൾ നേടിയപ്പോൾ അത്‌ലറ്റികോ മഡ്രീഡിന് കീറെൻ ട്രിപ്പിയേർ മാത്രമാണ് സ്‌കോർ ചെയ്തത്.
നിശ്ചിതസമയത്തിലും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായിരുന്നില്ല. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു മഡ്രീഡിലെ ബദ്ധവൈരികളായ റയൽ മഡ്രീഡും അത്‌ലറ്റിക്കൊ മഡ്രീഡും ഏറ്റുമുട്ടിയത്.
നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ അഞ്ചു ഗോൾ ത്രില്ലറിൽ മറികടന്നാണ് അത്‌ലറ്റിക്കൊ ഫൈനലിൽ ഗെയ്റ്റ് പൊളിച്ചെത്തിയത്. കോപ ഡെൽറേ ചാമ്പ്യന്മാരായ വലൻസിയയെ റയൽ 3-1 ന് നിലംപരിശാക്കി. സ്പാനിഷ് സീസണിലെ ആദ്യ ട്രോഫിയാണ് ജിദ്ദയിൽ ഇന്ന് റയൽ സ്വന്തമാക്കിയത്.