റിയാദ്- കടുത്ത തണുപ്പു കാരണം റിയാദ് ഇന്ത്യൻ സ്‌കൂളിലെ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. മറ്റു ക്ലാസുകൾ സാധാരണ പോലെ പ്രവർത്തിക്കും. കൊടുംതണുപ്പാണ് റിയാദിൽ അനുഭവപ്പെടുന്നത്. സൗദിയുടെ വിവിധ പ്രവിശ്യകളിൽ ശൈത്യം കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായി തുടരുകയാണ്. തബൂക്ക്, അൽജൗഫ്, ഹായിൽ, മദീനയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ പൂജ്യത്തിന് താഴെ വരെ താപനിലയെത്തി.
മധ്യ, കിഴക്കൻ പ്രവിശ്യകളിൽ തണുത്ത കാറ്റ് അടിച്ചുവീശുന്നതിനാൽ താപനില ആറു ഡിഗ്രി വരെയാണ്. ചെങ്കടലിൽ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയാണ് രേഖപ്പെടുത്തിയത്.
നിലവിലെ കാലാവസ്ഥ അഞ്ചു ദിവസം തുടരുമെന്നും വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത രീതികളിലാണിത് അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി അറിയിച്ചു. ഹായിലിന്റെ വടക്ക് പടിഞ്ഞാറു ഭാഗത്തെ ഗ്രാമമായ അൽഹഫീറിൽ പുലർച്ചെ രണ്ടു മണിക്ക് മൈനസ് ഒന്നാണ് രേഖപ്പെടുത്തിയത്. ജിദ്ദയിലും രണ്ടു ദിവസമായി രാത്രിയിൽ കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്.