Sorry, you need to enable JavaScript to visit this website.

കോഴിക്കോട് സര്‍വീസ്: എം.കെ. രാഘവന്‍ എം.പി എമിറേറ്റ്‌സ് ഉന്നതനെ കണ്ടു

ദുബായ്- കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്‍ എം.പി എമിറേറ്റ്‌സ് എയര്‍ലൈന്‍ കൊമേഴ്ഷ്യല്‍ ഓപ്പറേഷന്‍സ് വെസ്റ്റ് ഏഷ്യ ആന്റ് ഇന്ത്യന്‍ ഓഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അഹമ്മദ് ഹാഷിം ഹൂരിയുമായി എമിറേറ്റ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ കൂടികാഴ്ച നടത്തി. കോഴിക്കോട് വിമാനത്താവളത്തിലെ നിലവിലെ സ്ഥിതിഗതികള്‍ അഹമ്മദ് ഹാഷിം ഹൂരിയുമായി എം.പി പങ്കുവെച്ചു.
മലബാറിലെ ഭൂരിഭാഗം യു.എ.ഇ പ്രവാസികളും യാത്രക്കായി കോഴിക്കോട് വിമാനത്താവളത്തെയാണ് അശ്രയിക്കുന്നതെന്നും മലബാറിന്റെ വാണിജ്യ തലസ്ഥാനമെന്ന നിലയില്‍ കോഴിക്കോടുനിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന വസ്തുതയും എം.പി ചൂണ്ടിക്കാട്ടി. ആറു വന്‍കരകളിലെ രാജ്യങ്ങളുമായും ബന്ധപ്പെടുത്തി സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സിന്റെ സര്‍വീസുകള്‍ കോഴിക്കോടേക്ക് തിരിച്ചു വരുന്നത് വിവിധ രാജ്യങ്ങളുമായുള്ള കോഴിക്കോടിന്റെ വാണിജ്യ, കാര്‍ഷിക കയറ്റുമതി മേഖലകള്‍ക്ക് ഗുണകരമാകുമെന്നും ഇത് മലബാറിന്റെ സമ്പദ് വ്യവസ്തക്ക് ഉത്തേജനമാകുമെന്നും പ്രത്യേകം ചൂണ്ടിക്കാട്ടി.  
അതോടൊപ്പം കേരളത്തിലെ വിനോദ സഞ്ചാരം, ആരോഗ്യം എന്നീ മേഖലകളെ ആശ്രയിക്കുന്ന വിദേശ സഞ്ചാരികള്‍ക്കും എമിറേറ്റസ് സര്‍വീസുകള്‍ ഉപകാരപ്രദമാകുമെന്നും എം.പി കൂടികാഴ്ചയില്‍ പറഞ്ഞു. നിലവിലെ സര്‍വീസുകളുടെ അപര്യാപ്തത പ്രവാസികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയവും കൂടികാഴ്ചയില്‍ ചര്‍ച്ചയായി. 45 മിനുട്ടോളം നീണ്ടു നിന്ന ചര്‍ച്ചയിലെ വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്നും സര്‍വീസുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പുമായി ഉടന്‍ ബന്ധപ്പെടാമെന്നും അഹമ്മദ് ഹാഷിം ഹൂരി എം.പിക്ക് ഉറപ്പ് നല്‍കി.

 

Latest News