കോഴിക്കോട്- പൗരത്വഭേദഗതിക്ക് എതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണറാലിയില്‍ പങ്കെടുത്ത് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍. പൗരത്വഭേദഗതിയില്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയ മുഖ്യമന്ത്രിയെ അദേഹം പ്രശംസിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന റാലി മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്തു. പൗരത്വഭേദഗതിക്ക് എതിരെ സിപിഐഎമ്മുമായി യോജിച്ചുള്ള സമരം വേണ്ടെന്ന് മുസ്ലിംലീഗ് തീരുമാനിച്ചിരുന്നതിനാല്‍ സമസ്ത നേതാക്കളോടും വിട്ടുനില്‍ക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്.
പൗരത്വഭേദഗതിക്ക് എതിരായ സമരങ്ങള്‍ ചര്‍ച്ച ചെയ്യാനായി സമസ്ത ഇകെ വിഭാഗം മുസ്ലിംസംഘടനകളുടെ യോഗം വിളിച്ചതിനെതിരെയും മുസ്ലിംലീഗ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത നേരിട്ട് ഇടപ്പെടേണ്ടതില്ലെന്ന നിലപാടാണ് ലീഗിന്. ഇതേതുടര്‍ന്ന് യോഗം വിളിച്ച തീരുമാനം സമസ്ത പിന്‍വലിക്കുകയുംചെയ്തു.പിന്നീട് മുസ്ലിംലീഗിന്റെ നേതൃത്വത്തിലാണ് സമുദായ സംഘടനകളുടെ യോഗം ചേര്‍ന്നത്. പൗരത്വഭേദഗതിയില്‍ സിപിഐഎമ്മുമായി ചേര്‍ന്ന് സമരം നടത്തേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനത്തെ തുടര്‍ന്നായിരുന്നു മുസ്ലിംലീഗിനൊപ്പമുള്ള സമസ്ത പരിപാടിയില്‍ വിട്ടുനില്‍ക്കുമെന്നായിരുന്നു സൂചനയുണ്ടായിരുന്നത്. എന്നാല്‍ പൗരത്വഭേദഗതിയില്‍ യുഡിഎഫിലെ പ്രധാനകക്ഷിയായ കോണ്‍ഗ്രസിന്റെ നിലപാടുകളിലുള്ള സമസ്തയുടെ അതൃപ്തിയാണ് ഇപ്പോള്‍ തുറന്നുകാണിച്ചിരിക്കുന്നത്.
പരിപാടിയില്‍ പങ്കെടുത്ത സമസ്ത ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളെ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദേഹം പറഞ്ഞു. നമ്മള്‍ ഒരുമിച്ച് നിന്നാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത്.ഇത് തുടര്‍ന്നും ഉണ്ടാകണം. കേരള നിയമസഭ ഒറ്റക്കെട്ടായി പൗരത്വഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹമാണ്. അതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെ താന്‍ അഭിനന്ദിക്കുന്നു. ഈ പോരാട്ടം നമുക്ക് മുമ്പോട്ട് കൊണ്ടുപോകണമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.