റിയാദ്- സൗദി ദാകാർ റാലിക്കിടെ അപകടത്തിൽ പരിക്കേറ്റ് പോർച്ചുഗീസ് ബൈക്കോട്ടക്കാരൻ പൗലോ ഗോൺസാൽവസ് മരിച്ചു. റിയാദിനും വാദി ദവാസിറിനും ഇടയിലെ ഏഴാം സ്‌റ്റേജിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഞായറാഴ്ചയാണ് സംഭവം.
ഏഴാം സ്റ്റേജിൽ നിന്ന് 276 കിലോമീറ്റനടുത്താണ് ഇദ്ദേഹത്തിന്റെ ബൈക്ക് മറിഞ്ഞതെന്നും മരണം സ്ഥിരീകരിച്ചെന്നും ദാക്കാർ റാലി അസോസിയേഷൻ അറിയിച്ചു. മെഡിക്കൽ സംഘം സംഭവ സ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്.
വെള്ളിയാഴ്ച ആറാം സ്റ്റേജ് അവസാനിച്ചപ്പോൾ ഇദ്ദേഹം 46 ാം സ്ഥാനത്തായിരുന്നു. ശനിയാഴ്ച വിശ്രമത്തിന് ശേഷം ഇന്നാണ് റാലി തുടങ്ങിയത്. പൂർത്തിയാക്കുന്നതിന് മുമ്പേ അദ്ദേഹം മരിച്ചു.
അഞ്ചു വിഭാഗങ്ങളിലായി സൗദി മരുഭൂമിയിൽ നടക്കുന്ന സൗദി ദാക്കാർ റാലിയിൽ 68 രാജ്യങ്ങളിലെ 342 ഡ്രൈവർമാരാണ് പങ്കെടുക്കുന്നത്. 83 പേർ കാറുകളിലും 144 പേർ ബൈക്കുകളിലും 23 പേർ ക്വാഡ് ബൈക്കുകളിലും 46 പേർ സൈഡ് ബൈ സൈഡ് വാഹനങ്ങളിലും 46 പേർ ട്രെയ്‌ലറുകളിലുമാണ് മത്സര രംഗത്തുള്ളത്.