റിയാദ്- ചെന്നായ്ക്കളെ വീട്ടിൽ വളർത്തുന്ന സൗദി പൗരൻ സാമൂഹിക മാധ്യമങ്ങളിൽ താരമായി. അൽജൗഫിൽ താമസിക്കുന്ന റാമി അൽസർഹാനിയാണ് ചെന്നായ്ക്കളെ പരിപാലിക്കുന്നതും അവയെ കുട്ടികൾക്കൊപ്പം കളിപ്പിക്കുന്നതുമടങ്ങിയ വീഡിയോ പുറത്തുവിട്ട് താരമായത്. എംബിസി ചാനലാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്തത്.
10 വർഷം മുമ്പ് മരുഭൂമിയിൽ നിന്നാണ് ഇദ്ദേഹത്തിന് ചെന്നായ്ക്കളെ ലഭിച്ചത്. വീട്ടിൽ എല്ലാവരും കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇവക്കും നൽകാറുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കുമൊപ്പം ഇവ കളിക്കാറുണ്ട്. ആരെയും ഉപദ്രവിക്കാറില്ല. വീടിനുള്ളിലും മജ്‌ലിസിലും ഇവക്ക് പ്രവേശനമുണ്ട്. ചെന്നായ്ക്കൾ വിശ്വാസ വഞ്ചകരാണെന്ന പ്രചാരണമുണ്ട്. എന്നാൽ നല്ല നിലയിൽ പെരുമാറിയാൽ അവ ആരെയും വഞ്ചിക്കില്ല. ഒരു കണ്ണ് തുറന്നാണ് ഉറങ്ങുന്നതെന്ന പ്രചാരണവും ശരിയല്ല. സർഹാനി പറഞ്ഞു.