റിയാദ്- അധിക ഓഹരികള്‍ അനുവദിച്ചതിലൂടെ സൗദി അറാംകോ ഐ.പി.ഒ, റെക്കോര്‍ഡ് തുകയായ 2940 കോടി ഡോളറിലെത്തി. ഗ്രീന്‍ഷോ ഓപ്ഷന്‍ എന്ന അധിക ഓഹരി അനുമതി വഴി 450 ദശലക്ഷം ഷെയറുകള്‍ കൂടിയാണ് അറാംകോ വില്‍ക്കുന്നത്.
കഴിഞ്ഞ മാസം ഐ.പി.ഒ വഴി 2560 കോടി ഡോളറിന്റെ ഓഹരികളാണ് അനുവദിച്ചിരുന്നത്. 32 റിയാല്‍ വില നിശ്ചയിച്ച് 300 കോടി ഓഹരികളാണ് ലഭ്യമാക്കിയിരുന്നത്. ഓവര്‍ അലോട്ട് മെന്റ് (ഗ്രീന്‍ഷോ ഓപ്ഷന്‍) വഴി കൂടുതല്‍ ഓഹരികള്‍ വില്‍പന നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇനീഷ്യല്‍ ഓഫറിംഗ് സമയത്ത് ആവശ്യക്കാര്‍ കൂടുതല്‍ ഉണ്ടായിരുന്നുവെങ്കില്‍ കമ്പനികളെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ഷോ ഓപ്ഷന്‍.
മേഖലയിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറാംകോ ഓഹരി വിലയില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു. ജനുവരി എട്ടിന് 34 റിയാലിലേക്ക് താഴ്ന്ന ഓഹരി വ്യാഴാഴ്ച 35 റിയാലിലാണ് ക്ലോസ് ചെയ് തത്.