ചങ്ങരംകുളം- സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം. ചങ്ങരംകുളം ഐനിച്ചോട് സ്വദേശി പാറക്കാട്ട് സുലൈമാന്റെ മകൻ റിയാസ് (20) ആണ് മരിച്ചത്. സഹയാത്രികനും സുലൈമാന്റെ സഹോദരപുത്രനുമായ പാറക്കാട്ട് സുഹൈലി(20)നെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. പൊന്നാനിയിൽ നിന്നു വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന തൃശൂർ സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും തൃശൂർ റോഡിൽനിന്നു ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന റിയാസും സുഹൈലും സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നാട്ടുകാർ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെത്തുടർന്നു പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ റിയാസ് ഇന്നലെ പുലർച്ചെ ഒന്നരയോടെ മരിച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന റിയാസിന്റെ സഹോദരിയുടെ വിവാഹ ചടങ്ങുകൾക്കിടെയാണ് വെള്ളിയാഴ്ച രാത്രിയോടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. വിവാഹ വീട്ടിലെത്തിയ അപകട വാർത്ത വീട്ടുകാരെയും വിവാഹത്തിനെത്തിയ ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന റിയാസിന്റെ മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. വൈകുന്നേരം ആറു മണിയോടെ തെങ്ങിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: റാനിയ, റമീസ.