തബൂക്ക് - തബൂക്ക് പ്രവിശ്യയിലെ ഹൈറേഞ്ചുകളില്‍ കനത്ത മഞ്ഞുവീഴ്ച. അല്ലോസ്, അല്‍ഖാന്‍, അല്‍സൈതക്കു സമീപമുള്ള ഗ്രാമപ്രദേശങ്ങള്‍, അല്‍ഹുറ, റുഹൈബ് എന്നിവിടങ്ങളിലെല്ലാം ഇന്നലെ രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. അതിശക്തമായ മഞ്ഞുവീഴ്ചയില്‍ നോക്കെത്താദൂരത്തോളമുള്ള പ്രദേശങ്ങള്‍ തൂവെള്ള പുതച്ചു. മനോഹരമായ കാഴ്ചയും നല്ല കാലാവസ്ഥയും ആസ്വദിക്കുന്നതിന് മഞ്ഞുവീഴ്ചയുണ്ടായ പ്രദേശങ്ങളിലേക്ക് പ്രവിശ്യാ നിവാസികള്‍ ഒഴുകിയെത്തി. മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ ഇവര്‍ ഫോട്ടോകളെടുക്കുകയും മഞ്ഞില്‍ രൂപങ്ങളുണ്ടാക്കുകയും ചെയ്തു.
തബൂക്ക് നഗരത്തില്‍ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള ഈ ഹൈറേഞ്ചുകള്‍ ഉള്‍പ്പെടുത്തിയാണ് സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം നടപ്പാക്കുന്നത്. മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ രണ്ടു ദിവസമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ചിരുന്നു. മഞ്ഞുവീഴ്ച മൂലമുണ്ടായേക്കാവുന്ന അപകടങ്ങള്‍ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും തബൂക്ക് ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.