ദുബായ്- എല്ലാ മാസത്തെയും അവസാന വെള്ളിയാഴ്ചകളില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്നുവന്നിരുന്ന ഓപ്പണ്‍ ഹൗസുകള്‍ കുറച്ചുകാലമായി മുടങ്ങിക്കിടക്കുകയാണ്. കോണ്‍സുലേറ്റ് പരിധിയില്‍ സുരക്ഷാ കാരണങ്ങളാലുള്ള ചില നിയന്ത്രണങ്ങള്‍ കാരണമാണ് ഇത്. വൈകാതെതന്നെ ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളില്‍ ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ജെ.എല്‍.ടി.യിലെ കേന്ദ്രത്തില്‍ ഇപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
33 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇപ്പോള്‍ യു.എ.ഇ.യിലുള്ളത്. ഇവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അറിയുന്ന മുറയ്ക്ക് ഇടപെട്ട് പരിഹരിക്കാന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ എംബസ്സിയും നയതന്ത്ര ഉദ്യോഗസ്ഥരുമെല്ലാം ശ്രമിക്കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിലെ തുക ഇതിനായി വിനിയോഗിക്കുന്നുണ്ട്. വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങി ഇവിടെ കഷ്ടപ്പെട്ട അഞ്ഞൂറിലേറെ പേരെയാണ് കോണ്‍സുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചത്. മുന്നൂറോളം പേര്‍ക്ക് വിമാനടിക്കറ്റുകളും നല്‍കി. യു.എ.ഇ.യിലെ പ്രവാസി സംഘടനകളും പൊതുപ്രവര്‍ത്തകരുമെല്ലാം ഇത്തരം വിഷയങ്ങളില്‍ കോണ്‍സുലേറ്റിന് വലിയ പിന്തുണയും സഹായവും നല്‍കിവരുന്നുണ്ട്. അവരുമായി ചേര്‍ന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത്. സ്‌കൂളുകളില്‍ ഫീസ് കൃത്യമായി അടക്കാന്‍ കഴിയാതെ കഷ്ടപ്പെട്ട 28 കുട്ടികളെയും കോണ്‍സുലേറ്റ് സഹായിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ നിയമനങ്ങള്‍ക്ക് തടസ്സമായി നിന്ന വിദ്യാഭ്യാസ യോഗ്യതാ പ്രശ്‌നങ്ങളിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പരാതികള്‍ പരിഹരിച്ചു. എന്നാല്‍ നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നത് ഖേദകരമാണ്. ഇതിലും പെട്ടെന്നുതന്നെ പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.