ദുബായ്- യു.എ.ഇ.യിലുള്ള ഇന്ത്യക്കാര്‍ക്ക് തത്കാല്‍ വ്യവസ്ഥ പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് അതത് ദിവസംതന്നെ പാസ്‌പോര്‍ട്ട് കിട്ടുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വ്യാഴാഴ്ച വൈകീട്ട് നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷവേളയിലാണ് മുഖ്യ പ്രഭാഷകനായ കോണ്‍സല്‍ ജനറല്‍ വിപുല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 2019ലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അവലോകനം ചെയ്യുകയായിരുന്നു കോണ്‍സല്‍ ജനറല്‍.
പുതിയ പാസ്‌പോര്‍ട്ട് കിട്ടാനും പുതുക്കിയെടുക്കാനും ഇപ്പോള്‍ രണ്ടോ മൂന്നോ ദിവസം കൊണ്ടുതന്നെ സാധാരണ നിലയില്‍ കഴിയും. പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നതായിരുന്നു നേരത്തേ പാസ്‌പോര്‍ട്ട് പുതുക്കല്‍ വൈകുന്നതിനും കാരണമായിരുന്നത്. ഇപ്പോള്‍ ഇക്കാര്യം കൂടുതല്‍ വേഗത്തിലും സുഗമവുമാക്കി. എന്നാല്‍ പെട്ടെന്ന് പാസ്‌പോര്‍ട്ട് കിട്ടേണ്ടവര്‍ക്ക് തത്കാല്‍ സംവിധാനത്തിലൂടെ അപേക്ഷിക്കാം. ഇതുവരെ അപേക്ഷിച്ചതിന് പിറ്റേദിവസം നല്‍കുന്നതാണ് പ്രയോഗത്തിലുള്ള രീതി. എന്നാല്‍ ഇനി മുതല്‍ ഒരു ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുമ്പ് യഥാവിധത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് അന്ന് വൈകീട്ട് അഞ്ച് മണിയോടെ തന്നെ പുതിയ പാസ്‌പോര്‍ട്ട് നല്‍കാനുള്ള സംവിധാനം കോണ്‍സുലേറ്റില്‍ ഒരുങ്ങിയതായി വിപുല്‍ അറിയിച്ചു. 2018ല്‍ രണ്ട് ലക്ഷം പാസ്‌പോര്‍ട്ടുകളാണ് കോണ്‍സുലേറ്റ് വഴി പുതുക്കുകയോ പുതുതായോ നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.