ദമാം- പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അതി ശക്തമായ ജനവികാരം ഉയര്‍ന്നു വരുന്നതായും ഈ ജനമുന്നേറ്റത്തെ മാനിക്കാതെ കടുത്ത ധാര്‍ഷ്ട്യത്തോടെയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ രാജ്യത്ത് ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനും ആര്‍.എസ്്്് എസ്സിന്റെ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയും മത്സരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ത് വില കൊടുത്തും രാജ്യത്തെ വെട്ടി മുറിക്കുന്ന പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട് കടുത്ത ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ കരിനിയമത്തെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ വധിച്ച ഗോഡ്‌സേയുടെ ചിന്തകള്‍ അതെ പടി നടപ്പിലാക്കാനാണ് മോഡിയും അമിത്ഷായും ശ്രമിക്കുന്നതെന്നും ഇത്തരം കരി നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന പ്രക്ഷോഭത്തെ മുസ്‌ലിം വര്‍ഗീയതയുടെ നിറം ചാര്‍ത്തി ലഘൂകരിക്കാമെന്ന വ്യാമോഹം വെറും മൗഢ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.