റിയാദ്- അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ നിതാഖാത്ത് നിർബന്ധമാക്കും. നിലവിൽ ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് നിതാഖാത്ത് ബാധകമല്ല. കൂടുതൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം സ്ഥാപനങ്ങൾക്ക് കൂടി നിതാഖാത്ത് നിർബന്ധമാക്കുന്നത്.
നിതാഖാത്ത് ബാധകമല്ലാത്ത ചെറുകിട സ്ഥാപനങ്ങളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം രണ്ടു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളും ഒന്നു മുതൽ നാലു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളും. സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് നിതാഖാത്ത് ബാധകമാക്കുമെങ്കിലും ഒന്നു മുതൽ നാലു വരെ ജീവനക്കാരുള്ള തീർത്തും ചെറിയ സ്ഥാപനങ്ങളെ തുടർന്നും നിതാഖാത്തിൽനിന്ന് ഒഴിവാക്കും.
സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന നിതാഖാത്ത് പദ്ധതി നടപ്പാക്കി തുടങ്ങിയശേഷം രാജ്യത്ത് സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം 18 ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. സൗദിവൽക്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരംതിരിച്ച് ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങളും, വേണ്ടവിധം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിക്കുന്ന പദ്ധതിയാണ് നിതാഖാത്ത്. ചുവപ്പ് സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽനിന്ന് ഒരുവിധ സേവനങ്ങളും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറാനും അനുവദിക്കുന്നുണ്ട്. മഞ്ഞ വിഭാഗം സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. പച്ച, പ്ലാറ്റിനം സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ, വിസ അടക്കമുള്ള പ്രോത്സാഹനങ്ങൾ മന്ത്രാലയത്തിൽനിന്ന് ലഭിക്കും.
പരിഷ്‌കരിച്ച നിതാഖാത്ത് വൈകാതെ നിലവിൽവരും. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം പരിഷ്‌കരിച്ച നിതാഖാത്തിൽ വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമാണ്.
സൗദിയിലെത്തി മൂന്നു മാസത്തിനകം ഇഖാമയും വർക്ക് പെർമിറ്റും ലഭിക്കാത്ത തൊഴിലാളികളുടെയും ഇഖാമ, വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചിട്ടും പുതുക്കി ലഭിക്കാത്ത തൊഴിലാളികളുടെയും സ്‌പോൺസർഷിപ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ മാറ്റുന്നതിന് അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾ ഒളിച്ചോടിയതായി തൊഴിലുടമകൾ നൽകുന്ന പരാതികൾ (ഹുറൂബാക്കൽ) ഇരുപതു ദിവസത്തിനകം റദ്ദാക്കുന്നതിന് സാധിക്കും. ഇരുപതു ദിവസം പിന്നിട്ടാൽ ഹുറൂബ് റദ്ദാക്കുന്നതിന് സാധിക്കില്ല.