ജിദ്ദ - സ്പാനിഷ് സൂപ്പർ കപ്പ് മിനി ടൂർണമെന്റിന്റെ ആദ്യസെമിയിൽ റയൽ മഡ്രീഡിന് ജയം. വലൻസിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന റയൽ മഡ്രീഡ് തോൽപ്പിച്ചത്. അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോളാക്കിയതാണ് വലൻസിയയുടെ ആശ്വാസഗോൾ.
കളിയുടെ പതിനഞ്ചാമത്തെ മിനിറ്റിൽ തന്നെ ടോണി ക്രൂസിലൂടെ റയൽ മഡ്രീഡ് ഗോൾ നേടി. മുപ്പത്തിയൊൻപതാം മിനിറ്റിൽ ഫ്രാൻസിസ്‌കോ അലർകോൺ സോറസ് റയലിന്റെ ലീഡുയർത്തി. 65-ാം മിനിറ്റിൽ ലൂക മോഡ്രിച്ച് സൂപ്പർ ഗോളിലൂടെ റയലിന്റെ ലീഡ് മൂന്നിലെത്തിച്ചു. തൊണ്ണൂറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഡാനിയേൽ പറേജോ ഗോളാക്കിയത് വലൻസിയക്ക് ആശ്വാസമായി. മലയാളികളടക്കം പതിനായിരങ്ങൾ കളി കാണാൻ എത്തിയിരുന്നു.
ബാഴ്‌സലോണയും അത്‌ലറ്റിക്കൊ മഡ്രീഡും തമ്മിൽ ഇന്ന് രണ്ടാം സെമി നടക്കും. ഞായറാഴ്ച ഫൈനൽ അരങ്ങേറും. സ്‌പെയിനിൽ നിന്ന് 6400 കിലോമീറ്റർ അകലെ അരങ്ങേറുന്ന സൂപ്പർ കപ്പ് ഫൈനലിൽ റയലും ബാഴ്‌സലോണയും തമ്മിലുള്ള ക്ലാസിക്കോയാണ് ഫുട്‌ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത്. എന്നാൽ വലൻസിയ ഫോമിലാണ്. അത്‌ലറ്റിക്കോയെ ആർക്കും അവഗണിക്കാനാവില്ല.
യോഗ്യത നേടിയത് ഇങ്ങനെ
കഴിഞ്ഞ സ്പാനിഷ് കോപ ഡെൽറേ ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളെന്ന നിലയിലാണ് ബാഴ്‌സലോണയും വലൻസിയയും സൂപ്പർ കപ്പിന് യോഗ്യത നേടിയത്. വലൻസിയയാണ് കോപ ഡെൽറേ ചാമ്പ്യന്മാർ. സ്പാനിഷ് ലീഗിലെ മറ്റു മുൻനിര ടീമുകളെന്ന നിലയിൽ റയൽ മഡ്രീഡും അത്‌ലറ്റിക്കൊ മഡ്രീഡും യോഗ്യത നേടി. ബാഴ്‌സലോണ ചാമ്പ്യന്മാരായ ലീഗിൽ അത്‌ലറ്റിക്കൊ രണ്ടാമതും റയൽ മൂന്നാമതുമായിരുന്നു. സ്പാനിഷ് സൂപ്പർ കപ്പ് ഇതുവരെ സീസണിന്റെ തുടക്കത്തിലുള്ള ഒരു മത്സരമായിരുന്നു. സ്പാനിഷ് ലീഗ് ചാമ്പ്യന്മാരും കോപ ഡെൽറേ ചാമ്പ്യന്മാരുമായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ബാഴ്‌സലോണയാണ് നിലവിലെ ചാമ്പ്യന്മാർ. കഴിഞ്ഞ വർഷം മൊറോക്കോയിലെ ടാൻജിയേഴ്‌സിൽ നടന്ന സൂപ്പർ കപ്പിൽ സെവിയയെ ബാഴ്‌സലോണ തോൽപിച്ചു. മൊറോക്കോയിലാണ് ആദ്യം സ്‌പെയിനിനു പുറത്ത് സൂപ്പർ കപ്പ് സംഘടിപ്പിച്ചത്.
ക്ലബ്ബുകൾക്ക് വൻ നേട്ടം
ചാമ്പ്യൻഷിപ് അടുത്ത മൂന്നു വർഷം സൗദിയിൽ സംഘടിപ്പിക്കുക വഴി സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനും ക്ലബ്ബുകളും കോടികളാണ് നേടിയത്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് ബാഴ്‌സലോണക്കും റയലിനും 60 ലക്ഷം യൂറോ വീതം ലഭിക്കും. അത്‌ലറ്റിക്കോക്ക് 30 ലക്ഷം യൂറോയും വലൻസിയക്ക് 20 ലലക്ഷം യൂറോയും കിട്ടും. ബാഴ്‌സലോണയോ റയലോ ഫൈനലിലെത്തിയാൽ പ്രതിഫലം ഒരു കോടി യൂറോ ആയി വർധിക്കും. സ്പാനിഷ് ഫെഡറേഷന് മൂന്നു വർഷത്തേക്ക് 12 കോടി യൂറോ ലഭിക്കും. സ്പാനിഷ് വനിതാ ലീഗും താഴ്ന്ന തലത്തിലുള്ള ലീഗും വികസിപ്പിക്കാൻ ഈ തുക ചെലവഴിക്കുമെന്നാണ് ഫെഡറേഷൻ പറയുന്നത്.
ഇതുവരെ ആർക്കും താൽപര്യമില്ലാത്ത രീതിയിലാണ് സൂപ്പർ കപ്പ് സംഘടിപ്പിച്ചിരുന്നതെന്ന് സ്പാനിഷ് ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലിസ് ചൂണ്ടിക്കാട്ടി. ടൂർണമെന്റ് സൗദിയിൽ സംഘടിപ്പിക്കുന്നതിലൂടെ ടൂർണമെന്റിന് പുതിയ ആരാധകരെ ലഭിച്ചു. രാജ്യത്തെ മാറ്റങ്ങൾക്ക് ഉത്തേജനം പകരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ മത്സരം വീക്ഷിക്കാൻ സ്ത്രീകൾക്ക് നിയന്ത്രണമുണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണയാണെന്ന് സ്‌പെയിനിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് അൽഫർഹാൻ ചൂണ്ടിക്കാട്ടി.
ടൂർണമെന്റ് വീക്ഷിക്കാൻ സ്‌പെയിനിൽ നിന്ന് അധികം പേരൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. വലൻസിയയും അത്‌ലറ്റിക്കോയും നൂറിൽ താഴെ ടിക്കറ്റ് മാത്രമാണ് വിറ്റഴിച്ചത്. ജിദ്ദയിലേക്കുള്ള പത്ത് മണിക്കൂർ യാത്രക്കും താമസത്തിനുമായി ആയിരം യൂറോയെങ്കിലും ചെലവാകും. എങ്കിലും സൗദിയിലെ ഫുട്‌ബോൾ പ്രേമികൾ സ്റ്റേഡിയം നിറയും. 62,000 പേർക്കിരിക്കാവുന്നതാണ് കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയം. ബാഴ്‌സലോണ-അത്‌ലറ്റിക്കൊ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. റയൽ-വലൻസിയ മത്സരത്തിന്റെ പതിനായിരത്തോളം ടിക്കറ്റുകൾ തിങ്കളാഴ്ച രാത്രി ലഭ്യമായിരുന്നു. ഫൈനലിന്റെ മുപ്പത്തഞ്ചായിരത്തോളം ടിക്കറ്റുകൾ വിൽപനയുടെ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞിരുന്നു. സെമി ഫൈനൽ ടിക്കറ്റുകൾക്ക് 75 റിയാൽ മുതലും ഫൈനലിന്റെ ടിക്കറ്റിന് 150 റിയാൽ മുതലുമാണ് നിരക്ക്.
സീസണിലെ ആദ്യ ട്രോഫി
സ്പാനിഷ് ഫുട്‌ബോളിലെ ഈ സീസണിലെ ആദ്യ ട്രോഫിയാണ് ജിദ്ദയിൽ നിർണയിക്കപ്പെടുക. എങ്കിലും സ്പാനിഷ് ലീഗ് നിർണായക ഘട്ടത്തിലേക്ക് കടക്കുകയും ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടം ആരംഭിക്കാനിരിക്കുകയും ചെയ്യുന്നതിനാൽ പരിക്കുകൾ ഒഴിവാക്കാൻ ടീമുകൾ പരമാവധി ജാഗ്രത പുലർത്തും. എഡൻ ഹസാഡ്, ഗാരെത് ബെയ്ൽ, കരീം ബെൻസീമ എന്നീ മുൻനിര കളിക്കാരില്ലാതെയാണ് റയൽ എത്തിയത്. ഗോളി മാർക്ക് ആന്ദ്രെ ടെർസ്‌റ്റേഗനെ ബാഴ്‌സലോണ പുറത്തുനിർത്തിയിരിക്കുകയാണ്. ലിയണൽ മെസ്സിയെ ബാഴ്‌സലോണ പൂർണമായി ഉപയോഗിക്കുമോയെന്നും കണ്ടറിയണം.
നവംബർ 11 നാണ് മത്സരക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് നടന്നത്. മെസ്സിക്കു പുറമെ വിനിഷ്യസ് ജൂനിയർ, റോഡ്രിഗൊ, ലൂയിസ് സോറസ്, ആന്റോയ്ൻ ഗ്രീസ്മാൻ, ലുക്കാസ് വാസ്‌ക്വേസ്, യാൻ ഒബ്‌ലാക്, ലുക്ക മോദ്‌റിച്, സെർജിയൊ റാമോസ് തുടങ്ങിയ മുൻനിര താരങ്ങളെ നേരിട്ടു കാണാൻ സൗദിയിലെ ഫുട്‌ബോൾ പ്രേമികൾക്ക് അവസരം ലഭിക്കും.
റയലും വലൻസിയയും ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മുഖാമുഖം വരുന്നത്. സ്പാനിഷ് ലീഗിൽ ഡിസംബർ 15 ന് നടന്ന മത്സരം 1-1 സമനിലയായിരുന്നു. കരീം ബെൻസീമ ഇഞ്ചുറി ടൈമിൽ റയലിന് സമനില നേടിക്കൊടുത്തു. റയൽ ആഹ്ലാദത്തോടെയാണ് പുതുവർഷം തുടങ്ങിയത്. ലീഗിൽ ഗെറ്റാഫെയെ അവർ 3-0 ന് തോൽപിച്ചു. അതേസമയം ബാഴ്‌സലോണ അവസാന സ്ഥാനക്കാരായ എസ്പാന്യോളിനെതിരെ സമനിലയോടെയാണ് പുതുവർഷം തുടങ്ങിയത്. ലീഗിൽ വലൻസിയ ആറാം സ്ഥാനത്താണ്. ഇത്തവണ ചാമ്പ്യൻസ് ലീഗിലെ സർപ്രൈസ് ടീമായിരുന്നു വലൻസിയ. ഗ്രൂപ്പിൽ അവർ ഒന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റ് അയാക്‌സിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്തു.
ബാഴ്‌സലോണയാണ് ഏറ്റവുമധികം തവണ സ്പാനിഷ് സൂപ്പർ കപ്പ് നേടിയ ടീം -13. റയൽ പത്തു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.