Sorry, you need to enable JavaScript to visit this website.

യു.എ.ഇ പഞ്ചവത്സര ടൂറിസ്റ്റ് വിസ: താമസ കാലാവധി ആറുമാസം

അബുദാബി- പുതിയ അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കൈവശമുള്ളവര്‍ക്ക് ആറുമാസം വരെ ഒറ്റയടിക്ക് രാജ്യത്ത് താമസിക്കാന്‍ അനുവാദമുണ്ടായിരിക്കുമെന്ന് സൂചന. പുതിയ പഞ്ചവത്സര ടൂറിസ്റ്റ് വിസയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളു. എങ്കിലും അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ ഓരോ പ്രവേശനത്തിലും സന്ദര്‍ശകര്‍ക്ക് ആറുമാസം വരെ താമസിക്കാന്‍ വിസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച അന്വേഷണത്തിന് എല്ലാത്തരം ടൂറിസ്റ്റ് വിസകള്‍ക്കുമുള്ള വ്യവസ്ഥകള്‍ തന്നെയാകും ഇതിനും ബാധകമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
എല്ലാ രാജ്യക്കാര്‍ക്കും അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാന്‍ യു.എ.ഇ മന്ത്രിസഭ തിങ്കളാഴ്ചയാണ് അംഗീകാരം നല്‍കിയത്. വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് പുതിയ വിസ ലക്ഷ്യമിടുന്നത്.
യു.എ.ഇ അതിന്റെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതുമായ നിയമങ്ങളും ചട്ടങ്ങളും പുറപ്പെടുവിക്കുന്നതില്‍ ഉത്സുകരാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ചെയര്‍മാന്‍ അലി മുഹമ്മദ് ബിന്‍ ഹമ്മദ് അല്‍ ഷംസി  പറഞ്ഞു,
അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പദ്ധതി അംഗീകരിക്കുന്ന മന്ത്രിസഭാ തീരുമാനം നിയമങ്ങളും നിയമനിര്‍മ്മാണങ്ങളും നവീകരിക്കാനും ആഗോള സംഭവവികാസങ്ങളെ നേരിടാനും സമ്പദ്‌വ്യവസ്ഥയെ പ്രത്യേകിച്ച് ടൂറിസം മേഖലയെ മുന്നോട്ട് നയിക്കാനുമുള്ള നേതൃത്വത്തിന്റെ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അല്‍ ഷംസി പറഞ്ഞു.
പുതിയ തീരുമാനം നടപ്പാക്കുന്നതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

 

Latest News