* ഹജ് സര്‍വീസുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു
* കരിപ്പൂരും നെടുമ്പാശ്ശേരിയും ഹജ് എംബാര്‍ക്കേഷന്‍ പോയന്റുകള്‍
കൊണ്ടോട്ടി - കരിപ്പൂര്‍, നെടുമ്പാശ്ശേരി ഉള്‍പ്പെടെ രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ് സര്‍വീസുകള്‍ നടത്താന്‍ വിമാന കമ്പനികളില്‍ നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെണ്ടര്‍ ക്ഷണിച്ചു.
കരിപ്പൂരില്‍ നിന്ന് മദീനയിലേക്കും നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്കുമാണ് വിമാനങ്ങള്‍ പുറപ്പടേണ്ടത്. ജൂണ്‍ 22 മുതല്‍ ജൂലൈ 25 വരെയാണ് ഹജ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഹജ് കഴിഞ്ഞുളള മടക്ക സര്‍വീസുകള്‍ ഓഗസ്റ്റ് 13 ന് ആരംഭിച്ച് സെപ്റ്റംബര്‍ മൂന്നിന് അവസാനിക്കും.
വ്യോമയാന മന്ത്രാലയത്തിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കുന്ന രീതിയില്‍ ടെന്‍ഡര്‍ നല്‍കുന്ന വിമാന കമ്പനികളെയാണ് സര്‍വീസിന് അനുവദിക്കുക.
ഈ മാസം 24 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ടെന്‍ഡര്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് രണ്ടു ഘട്ടങ്ങളിലായാണ് ഹജ് സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ 11 വിമാനത്താവളങ്ങളില്‍ നിന്ന് മദീനയിലേക്കാണ് സര്‍വീസ്. ഈ തീര്‍ത്ഥാടകരെ ജിദ്ദ വഴിയാണ് നാട്ടിലെത്തിക്കുക. ഈ വിമാനങ്ങളാണ് ജൂണ്‍ 22 മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. ശേഷിക്കുന്ന 11 വിമാനത്താവളങ്ങളില്‍ നിന്ന് ഹജ് തീര്‍ത്ഥാടകര്‍ ജിദ്ദയിലേക്കാണ് പുറപ്പെടുക. ഇവരുടെ മടക്കം മദീന വഴിയായിരിക്കും.
കഴിഞ്ഞ വര്‍ഷം വരെ 21 ഹജ് എംപാര്‍ക്കേഷന്‍ പോയന്റാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിജയവാഡ വിമാനത്താവളം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ കണ്ണൂര്‍ വിമാനത്താവളം ഹജ് എംപാര്‍ക്കേഷന്‍ പോയന്റായി ഉള്‍പ്പെടുത്തണമെന്നു ഹജ് കമ്മിറ്റിയും സര്‍ക്കാറും ആവശ്യപ്പെട്ടെങ്കിലും ഇത് പരിഗണിച്ചിട്ടില്ല. കരിപ്പൂരില്‍ നിന്ന് 9000 പേര്‍ക്കും നെടുമ്പാശ്ശേരിയില്‍ നിന്ന് 2550 പേര്‍ക്കും സഞ്ചരിക്കാനുളള സൗകര്യങ്ങളാണ് കേരളത്തില്‍ നിന്ന് ടെന്‍ഡര്‍ ഏറ്റെടുക്കുന്ന വിമാന കമ്പനികള്‍ ഒരുക്കേണ്ടത്. കഴിഞ്ഞ വര്‍ഷവും നെടുമ്പാശ്ശേരിയും കരിപ്പൂരും ഹജ് എംപാര്‍ക്കേഷന്‍ പോയന്റുകളായിരുന്നു.
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വിമാന സര്‍വീസ് നടത്താന്‍ അനുമതിയുളള വിമാന കമ്പനികള്‍ക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതിയുളളത്.
ഹജ് നറുക്കെടുപ്പ് 13 ന്
കൊണ്ടോട്ടി - സംസ്ഥാന ഹജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഹജ് നറുക്കെടുപ്പ് 13 ന് തിങ്കളാഴ്ച രാവിലെ 11 ന് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. മുംബൈയിലെ കേന്ദ്ര ഹജ് കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണത്തിലാണ് നറുക്കെടുപ്പ് നടക്കുക.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് 26,081 പേരാണ് ഹജിന് അപേക്ഷിച്ചത്. ഇവരില്‍ 16 പേര്‍ കുട്ടികളാണ്. അപേക്ഷകരില്‍ നേരിട്ട് അവസരം ലഭിക്കുന്ന 70 വയസ്സിന് മുകളില്‍ പ്രായമുളളവരുടെ കാറ്റഗറിയില്‍ 1095 പേരുണ്ട്. ശേഷിക്കുന്ന 23,232 പേരിലാണ് നറുക്കെടുപ്പ് നടക്കുക.