തിരുവനന്തപുരം- പ്രളയ ബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ തയാറായില്ലെന്നും എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്.സി.ഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനടക്കമുള്ള കാര്യങ്ങള്‍ കേരളത്തെ തടഞ്ഞ നടപടിക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം. കേന്ദ്ര സഹായമായി ഒരു ലക്ഷം ടണ്‍ അരിയാണ് സംസ്ഥാനം അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചത് 89,549 ടണ്‍. കേന്ദ്ര സഹായമുള്ളതിനാല്‍ അരി വില ഉയരില്ലെന്നും സംസ്ഥാനം പ്രതീക്ഷിച്ചു. ഇതിനിടെയാണ് അരി വിലയും ഗതാഗതച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ഉത്തരവെത്തിയത്. രാജ്യത്തിനകത്തും പുറത്തുമെല്ലാം പുനര്‍നിര്‍മാണത്തിന് പണം അഭ്യര്‍ഥിക്കുന്ന സാഹചര്യത്തിലായിരുന്നു ഉത്തരവെത്തിയത്. കിലോക്ക് 25 രൂപ നിരക്കിലാണ് അരി നല്‍കിയത്.
പണം പിന്നീട് നല്‍കണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കില്‍ കേന്ദ്ര സഹായത്തില്‍നിന്ന് തുക ഈടാക്കും. പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 600 കോടിയാണ് സഹായധനമായി നല്‍കിയത്. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കായി കേന്ദ്രം ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ അനു വദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കുകയായിരുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.