Sorry, you need to enable JavaScript to visit this website.

ബാഗ്ദാദിലെ ആ പള്ളിപ്പറമ്പിൽ തൃത്താലയിലെ ഷമീറയുണ്ട്, ആ വഴി പോകുന്നവർ മറന്നുപോകരുത്

ജീവിതമെന്നത് ഏത് നിമിഷവും അവസാനിക്കാവുന്ന ഒന്നാണെന്ന് ഓർമ്മപ്പെടുത്തി യാത്രയിൽനിന്നുള്ള കുറിപ്പ്. കേരളത്തിൽനിന്ന് ഇറാഖിലേക്കുള്ള യാത്രയ്ക്കിടെ പാലക്കാട് തൃത്താല സ്വദേശിയായ യുവതി മരിച്ചതിനെ പറ്റിയുള്ള യാത്രാ സംഘാടകന്റെ കുറിപ്പ് മനുഷ്യരുടെ ജീവിതത്തിന്റെ നൈമിഷികത ഓർമ്മിപ്പിക്കുന്നതാണ്. ഡിസംബർ പതിനേഴിന് കേരളത്തിൽനിന്ന് ഇറാഖ് അടക്കമുള്ള രാജ്യത്തേക്ക് പുറപ്പെട്ട യാത്രാസംഘത്തിലെ 33-കാരിയായ ഷമീറയാണ് മരിച്ചത്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഹോട്ടലിലായിരുന്നു മരണം. 
യാത്ര സംഘടിപ്പിച്ച കോട്ടക്കൽ ചങ്കുവെട്ടി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിലെ ഷമീർ ബാബുവിന്റെ കുറിപ്പ്

നാൽപ്പത്തിയേഴ് പേരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. ഡിസംബർ 17 ന് ഉച്ചക്ക് ബാഗ്ദാദ് എയർപോർട്ടിൽ ഇറങ്ങി. ബാഗ്ദാദിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിച്ചു. മൂന്നാമത്തെ ദിവസവും പതിവ് പോലെ ബാഗ്ദാദിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി ഹോട്ടലിൽ തിരിച്ചെത്തി. എല്ലാവരും ഭക്ഷണഹാളിലേക്ക് നീങ്ങി. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടയിൽ പെട്ടന്ന് എല്ലാവരും ഒരു മേശക്കരികിലേക്ക് ഓടുന്നത് കണ്ടു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന തൃത്താല സ്വദേശി അൽത്താഫിന്റെ ഭാര്യ ഷമീറ ഭക്ഷണം കഴിക്കുന്നതിനിടയിൽ കസേരയിൽ നിന്നും വീണിരിക്കുന്നു. എല്ലാവരും പരിഭ്രാന്തരായി. പലരും പ്രാഥമിക ചികിത്സകളും നൽകുന്നുന്നുണ്ട്. കൂടെ വന്ന ഭർത്താവ് അൽത്താഫ് മോനും അവരുടെ ഉമ്മ ഖദീജയും അവളെ പലവിധത്തിലും തട്ടി വിളിച്ചു. പക്ഷെ അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. പല്ലുകൾ മുറുകെ കടിച്ചിരിക്കുന്നു. പുറത്ത് പോയി ഒരു ടാക്‌സി വിളിച്ചു. നേരെ ബാഗ്ദാദിലെ കാസിമിയയിലെ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിലേക്ക്.
ഞങ്ങൾ പുറത്ത് കാത്ത് നിന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളുടെ യാത്രയിലുണ്ടായിരുന്ന വളാഞ്ചേരി സ്വദേശി ഹനീഫ ഹാജി കരഞ്ഞു കൊണ്ട് വന്ന് പറഞ്ഞു. 'അവൾ നമ്മളുടെ കൂട്ടത്തിൽ നിന്നും യാത്രയായിരിക്കുന്നുവെന്ന്. ഹജ്ജിനും ഉംറക്കും കൂടെ വരുന്നവർ നിരവധി പേർ മരിച്ചിട്ടുണ്ടെങ്കിലും ഇത്തരം യാത്രയിലെ ആദ്യത്തെ അനുഭവം. അതും ഇറാഖ് പോലുള്ള ഒരു രാജ്യത്ത്. കൂടെ വന്നവരെല്ലാം ഹോസ്പിറ്റലിൽ വന്ന് അവളുടെ തനിച്ചുള്ള യാത്രക്ക് അനുവാദം നൽകി. അവളുടെ യാത്രയുടെ തുടക്കമെന്നോണം അവളെ നേരെ ശീതീകരിച്ച റൂമിലാക്കി. ഭർത്താവ് അൽത്താഫ് മോൻ കണ്ണടച്ച് സങ്കടം അടക്കി പിടിക്കുന്ന ആ രംഗം കണ്ട് നിൽക്കാനായില്ല. 
മൂത്ത മകൻ മുഹമ്മദ് ജസീമിനും ആറാം ക്ലാസ്സിൽ പഠിക്കുന്ന രണ്ടാമത്തെ മകൾ ഫാത്തിമ ജെബിനും തൊട്ട് മുമ്പ് വരെ വീഡിയോ കാൾ ചെയ്തപ്പോൾ ഉമ്മയുടെ ഈ യാത്രയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിരുന്നുവോ...? അൽത്താഫിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കാനാണ്. പക്ഷെ ആ യാത്രക്ക് അൽത്താഫ് മോന് തല താഴ്ത്തി കണ്ണടച്ച് അവളെ യാത്രയാക്കുകയല്ലാതെ മറ്റു വഴികളില്ല.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണോ എന്ന ആലോചന ഒടുവിൽ മാറ്റിവെച്ചു. ബാഗ്ദാദിൽ തന്നെ മറവ് ചെയ്യാൻ അൽത്താഫ് തീരുമാനിച്ചു. മറ്റൊരു രാജ്യത്ത് പോയി ആരെങ്കിലും മരണപ്പെട്ടാൽ ഓരോ രാജ്യത്തും ഓരോ നിയമങ്ങളായിരിക്കും. നേരെ പോലിസ് സ്‌റ്റേഷനിലേക്ക്... ഈ നാട്ടിൽ തന്നെ കബറടക്കം ചെയ്യാൻ ആദ്യം പോലീസ് റിപ്പോർട്ട് ലഭിക്കണം.
നമ്മുടെ നാട്ടിലെ പോലെ നേരെ സ്‌റ്റേഷനിലേക്കൊന്നും കയറി ചെല്ലാൻ പറ്റില്ല എന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്. ഒരു റോഡിലൂടെ നടക്കുമ്പോൾ തന്നെ നമ്മൾ നിരവധി ബോഡി പരിശോധനകൾ കഴിഞ്ഞാണ് ആ നാട്ടിലൂടെ യാത്ര ചെയ്യുന്നത്. പോലീസ് സ്‌റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞപ്പോൾ ഓഫീസർ സ്ഥലത്തിലെന്നും രാവിലെ വരാനായി പറഞ്ഞു കൊണ്ട് പടിവാതിലിൽ നിന്നും തന്നെ തിരിച്ചോടിച്ചു. അപ്പോഴേക്കും രാത്രി യുടെ നീളം വർധിച്ചിരുന്നു. ഷമീറയുടെ യാത്രക്കുള്ള ആദ്യ പടിയെന്നോണം അവളെ ഫ്രീസെറിലാക്കി ഞങ്ങൾ റൂമിലേക്ക് തിരിച്ചു. കൂടെ നടത്തം മുന്നോട്ടാണെങ്കിലും തല പുറകോട്ട് തിരിച്ചുള്ള അൽത്താഫ് മോന്റെ നടത്തം ഞങ്ങളെ കൂടി പുറകോട്ട് വലിച്ചു.
നേരം പുലർന്നതോടെ ഞാനും ഒമാനിൽ നിന്നും വന്ന മഞ്ചേരി സ്വദേശി അലിയും കൂടി നേരെ എംബസിയിലേക്ക് പോയി. നാല് സെക്യൂരിറ്റി ചെക്ക്‌പോസ്റ്റ് കഴിഞ്ഞു ഇന്ത്യൻ എംബസിക്ക് മുന്നിലെത്തി. കുറച്ച് കഴിഞ്ഞപ്പോൾ വളരെ ചെറുതായി മെലിഞ്ഞ ശരീരമുള്ള ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹത്തോട് വിവരങ്ങൾ പറഞ്ഞു. അദ്ദേഹം വളരെ നല്ല രീതിയിൽ കാര്യവിവരങ്ങൾ വിശദീകരിച്ച് തന്നു. ജീവിതത്തിൽ എളിമയോടെ ഇത്രയും കാര്യവിവരങ്ങൾ വിശദീകരിച്ച് തരുന്ന ഒരു ഓഫീസറെ ആദ്യമായി കണ്ട സന്തോഷത്തിൽ ഞാൻ അദ്ദേഹത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ഒരു വ്യക്തിയോട് സംസാരിക്കുമ്പോൾ ഇത്ര എളിമയോടെ സംസാരിക്കാനുംപെരുമാറാനും ഈ എളിയവനും സാധിക്കണമേ എന്ന് കൂട്ടത്തിൽ മനസ്സിൽ പ്രാർത്ഥിക്കുകയും ചെയ്തു. വിശദീകരണത്തിൽ ഞങ്ങളെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. ഇന്നും നാളെയും വെള്ളിയും ശനിയുമാണ്.. ഇവിടെ ഒരു ഓഫീസും പ്രവർത്തിക്കില്ല. എംബസ്സിക്ക് ഒഴിവുണ്ടെങ്കിലും ഏത് സമയത്തും ഇവിടെ നിന്നുള്ള എന്റെ സഹായം നിങ്ങൾക്കുണ്ടാകുമെന്ന് പറഞ്ഞ ഇന്ത്യയിലെ പട്‌നയിലുള്ള ഉമേഷ് എന്ന ആ സഹോദരൻ അദ്ദേഹത്തിന്റെ മൊബൈൽ നമ്പറും ഇമെയിൽ അഡ്രസ്സും തന്ന് ഞങ്ങൾക്ക് ധൈര്യം പകർന്ന് തന്നു. രണ്ട് ദിവസം ഇനിയും ഞങ്ങളുടെ കൂടെ വന്ന ആ പെങ്ങൾ ആ ഫ്രീസറിൽ ഐസ് ആയി തള്ളി നീക്കണമല്ലോ എന്നാലോചിച്ച് മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നന്വേഷിച്ചു നടന്നു. പലസ്ഥലങ്ങളിലും ഹോസ്പിറ്റലുകളിലും ബോഡി കൊണ്ട് പോയി. അതും നമ്മുടെ നാട്ടിലത്തേതിന് വിപരീതമാണ്. ഇവിടെ ബോഡി ആംബുലൻസിൽ കൊണ്ട് പോകുമ്പോൾ അവിടെ നമ്മൾ സഞ്ചരിക്കുന്ന വാനിന്റെ മുകളിൽ പെട്ടിയിലാക്കി വേണം ബോഡി കൊണ്ട് പോകാൻ. വാഹനത്തിന്റെ താഴെ അൽത്താഫ് മോനും ഞങ്ങളും ഇരിക്കുന്ന ആ രംഗമൊന്നും ഒരിക്കലും മനസ്സിൽ നിന്നും മായ്ക്കാനാവില്ല.
പലവഴികൾ തേടിയെങ്കിലും രാത്രി വരെ ടാക്‌സി എടുത്ത് അലയുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായില്ല. ഞങ്ങൾ മനസ്സിൽ ഇറാഖികളെ ശപിച്ചു കൊണ്ടിരുന്നു.
വെള്ളിയും ശനിയും അതിന്റെ വഴിക്കു പോയി. കൂടെയുള്ളവർ കർബലയിലേക്കു യാത്ര തിരിച്ചു. ഞാനും അൽത്താഫ് മോനും, കോട്ടക്കൽ കുഴിപ്പുറത്ത് നിന്നുള്ള അബ്ദുവും, ഒമാനിൽ നിന്നുള്ള മഞ്ചേരി സ്വദേശി അലിയും ഞായറാഴ്ച രാവിലെ എംബസി, പോലീസ് സ്‌റ്റേഷൻ, ഹോസ്പിറ്റൽ, മറ്റു അറ്റസ്‌റ്റേഷൻ ഓഫീസുകൾ കയറി ഇറങ്ങി. പക്ഷെ ഇറാഖികളെ കുറിച്ചുണ്ടായ തെറ്റിദ്ധാരണകൾ മനസ്സിൽ നിന്നും പാടെ തുടച്ചു മാറ്റി. ഓരോ ഓഫീസിൽ കയറി ഇറങ്ങുമ്പോഴും ഒരു ഇന്ത്യക്കാരാണെന്നു പറഞ്ഞാൽ വളരെ സ്പീഡിൽ കാര്യങ്ങൾ പറഞ്ഞു തരുകയും ഓഫീസ് പേപ്പറുകൾ പൂർത്തിയാക്കുകയും ചെയ്തു. എല്ലാ ഓഫീസിലും ജോലി ഉച്ചക്ക് 2 മണിക്ക് തീരുന്നതിനാൽ മുഴുവൻ പേപ്പർ ജോലികളും അന്നു തീർക്കാനായില്ല. തിങ്കളാഴ്ച കൂടി ചേർത്ത് മുഴുവൻ ജോലികളും തീർത്ത് ഷമീറയെ യാത്രയാക്കാൻ ഇറാഖിലെ ഏറ്റവും പ്രസിദ്ധമായ ജുനൈദുൽ ബാഗ്ദാദിയുടെ പള്ളിയിലെ ഖബർ സ്ഥാനം തന്നെ തിരഞ്ഞെടുത്തു. കർബലയിലേക്ക് സിയാറത്തിന് പുറപ്പെട്ട ബാക്കി യാത്രക്കാർ മറവു ചെയ്യുന്ന സമയത്തേക്ക് ബാഗ്ദാദിലേക്കു തിരിച്ചെത്തി. എല്ലാവരും ഒരുമിച്ചു ഷമീറയെ അല്ലാഹുവിലേക്ക് നൽകി തിരിച്ചു യാത്രയായി.
ആരെങ്കിലും എന്നെങ്കിലും ഇറാഖിലെ ബാഗ്ദാദിൽ പോകുകയാണെങ്കിൽ ജുനൈദുൽ ബാഗ്ദാദി മസ്ജിദിലെ സനൂസിയ ഖബർസ്ഥാനിൽ നമ്മുടെ ഒരു സഹോദരി ഉണ്ടെന്ന അറിവോടെ അവിടെ പോകണം. ജുനൈദുൽ ബാഗ്ദാദി (റ ) യുടെ ഖബറിന്റെ പുറക് വശത്തായി ദുന്നൂസ് മിസ്‌രി (റ ) ഖബറിന്റെ മുൻവശത്തായിയാണ് ഷമീറയുടെ ഖബർ. തിരിച്ചറിയുന്നതിനായി കല്ലിൽ ഷമീറ ഖാദിരിയ്യ, തൃത്താല, കേരള എന്ന് പ്രത്യേകം എഴുതി വെച്ചിട്ടുണ്ട്.
 

Latest News