ജിദ്ദ- സംഘർഷഭരിതമായ വർത്തമാനകാലത്തെ പ്രതിരോധ മുന്നേറ്റങ്ങളിൽ മാനവിക സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃക തീർക്കുന്ന ദൃശ്യങ്ങൾ ആശ്വാസകരമാണെന്ന് പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു.
മതേതര ജനാധിപത്യ ഇന്ത്യയിൽ ന്യുനപക്ഷങ്ങൾക്കെതിരെ ഉയർന്നുവന്ന ശത്രുതാപരമായ നിയമ നിർമാണ നീക്കങ്ങൾ ഭരണഘടനക്കും രാജ്യത്തിന്റെ മഹിത പാരമ്പര്യത്തിനും വിരുദ്ധമാണെന്ന യാഥാർഥ്യം തിരിച്ചറിയാൻ കഴിയുന്നത് കൊണ്ടാണ് കരിനിയമങ്ങൾക്കെതിരെ ജാതിമത ഭേദമന്യേ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കുന്നത്.
പരീക്ഷണങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സത്യവിശ്വാസികൾ വിശ്വാസദാർഢ്യത്തോടെ സ്വന്തം ജീവിതവും കർമവിശുദ്ധിയും ആത്മവിശകലനം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമർപ്പണ സന്നദ്ധരായ പ്രവർത്തകരുടെ സാന്നിധ്യമാണ് സാമ്പത്തിക ഭദ്രതയേക്കാൾ വലിയ അനുഗ്രഹമെന്ന ചരിത്ര യാഥാർഥ്യം ഓർമിപ്പിക്കുന്നതാണ് കെ.എം.സി.സിയുടെ സന്നദ്ധ സേവന നിരയെന്നും സിംസാറുൽ ഹഖ് ഹുദവി വിശദീകരിച്ചു. ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി നിലമ്പൂർ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനത്തിന്റെ ധനസമാഹരണാർഥം, ശറഫിയ്യ എയർലൈൻ ഗാർഡനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സീക്കോ ഹംസ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നാഷണൽ, സെൻട്രൽ, ജില്ലാ മണ്ഡലം ഭാരവാഹികളായ, അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, നാസർ വെളിയംകോട്, വി.പി.മുസ്തഫ, സി.സി.കരീം, ഇസ്ഹാഖ് പൂണ്ടോളി, ഇസ്മയിൽ മുണ്ടക്കുളം, ബാവ വേങ്ങര, റഷീദ് വരിക്കോടൻ, ഗഫൂർ പട്ടിക്കാട്, ബാബു നഹ്ദി, സുലൈമാൻ മാളിയേക്കൽ (മക്ക) കലാം മാസ്റ്റർ (ബ്ലോക്ക് പ്രസിഡന്റ് തിരൂരങ്ങാടി) പി.സി.ഇണ്ണി, ഹിഫ്‌സുറഹ്മാൻ, അബ്ദുൽ കരീം (റാബിഗ്) നജീബ് കളപ്പാടൻ, ഹുസൈൻ (പ്രസിഡന്റ്, നിയോ) മനാഫ് പൂക്കോട്ടുംപാടം, അബു ചുള്ളിയോട്, ജിദ്ദ ഇസ്‌ലാമിക് സെന്റർ പ്രതിനിധികളായ, സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, സയ്യിദ് അൻവർ തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി, ജബ്ബാർ ഹുദവി (പ്രസിഡന്റ് ഹാദിയ ജിദ്ദ), ഉമ്മർ മദീനി (ജാലിയാത്ത് ജിദ്ദ) റഫീഖ് റാബിഗ്, ജാബിർ നാദാപുരം, നിസാം മമ്പാട്, ജനറൽ സെക്രട്ടറി സുബൈർ വട്ടോളി, വളണ്ടിയർ ക്യാപ്റ്റൻ സലാം ചെമ്മല, വനിതാ ക്യാപ്റ്റൻ നബീല അഫ്‌സൽ, വർക്കിംഗ് പ്രസിഡന്റ് അബുട്ടി പള്ളത്ത്, ട്രഷറർ ജാബിർ ചങ്കരത്ത്, നഫ്‌വാൻ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.