ബോർഡ് അപ്പീലിന്
മുംബൈ - ഒത്തുകളി ആരോപണത്തെത്തുടർന്ന് ബി.സി.സി.ഐ ഏർപെടുത്തിയ ആയുഷ്‌കാല വിലക്ക് കേരളാ ഹൈക്കോടതി നീക്കിയെങ്കിലും ശ്രീശാന്തിന് ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാവില്ല. ഇന്ത്യൻ ടീമിൽ സ്ഥാനം തിരിച്ചുപിടിക്കുക ഏതാണ്ട് അസാധ്യമാണ്.
കേരളാ ഹൈക്കോടതിയുടെ ഉത്തരവ് തങ്ങളുടെ നിയമ വിഭാഗം പഠിക്കുമെന്നും അവരുടെ അഭിപ്രായമനുസരിച്ച് ബന്ധപ്പെട്ട തലത്തിൽ അത് ചോദ്യം ചെയ്യുമെന്നും ബി.സി.സി.ഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന അറിയിച്ചു. അതിന് പ്രത്യേക സമയപരിധിയൊന്നുമില്ല. എങ്കിലും എത്രയും പെട്ടെന്ന് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്ത് കോടതികളിൽ നിരന്തരം തിരിച്ചടി കിട്ടുന്ന സാഹചര്യത്തിൽ ബി.സി.സി.ഐ മറ്റൊരു സാഹസത്തിനു മുതിരുമോയെന്നാണ് കണ്ടറിയേണ്ടത്.
ഇന്നത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും അംഗങ്ങളായ ബി.സി.സി.ഐ അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആയുഷ്‌കാല വിലക്ക് പ്രഖ്യാപിച്ചത്. ജയ്റ്റ്‌ലി സുപ്രീം കോടതി അഭിഭാഷകനായിരുന്നു. ദൽഹിയിലെ വിചാരണക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയാറായിരുന്നില്ല. ശ്രീശാന്ത് ബി.ജെ.പിയിൽ ചേർന്നത് ബി.ജെ.പിക്കാർക്ക് ഭൂരിപക്ഷമുള്ള, ബി.ജെ.പിയുടെ പാർലമെന്റംഗം അനുരാഗ് താക്കൂർ അധ്യക്ഷനായ ബി.സി.സി.ഐയുടെ അനുകൂല തീരുമാനം ലഭിക്കാനായിരുന്നു എന്ന് ആരോപണമുയർന്നിരുന്നു. പക്ഷെ തീരുമാനം ബി.സി.സി.ഐ പുനഃപരിശോധിച്ചില്ല.
കോടതിയും അച്ചടക്ക സമിതിയും പരിഗണിച്ചത് രണ്ട് വശങ്ങളാണെന്നാണ് ബി.സി.സി.ഐ ഇതുവരെ വാദിച്ചിരുന്നത്. ഒത്തുകളിയിലേർപ്പെട്ട കളിക്കാർക്കെതിരെ മകോക്ക ചുമത്താൻ ന്യായമുണ്ടോയെന്നാണ് കോടതി പരിശോധിച്ചതെന്നും ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ യൂനിറ്റ് മേധാവി രവി സവാനി അന്വേഷിച്ചത് കളിക്കാരുടെ പെരുമാറ്റം മാത്രമായിരുന്നുവെന്നും ബോർഡ് ചൂണ്ടിക്കാട്ടി. ക്രിമിനൽ നടപടിക്രമങ്ങളും ബി.സി.സി.ഐയുടെ സ്വതന്ത്ര അച്ചടക്ക നടപടിയും രണ്ടാണെന്നും അതിനാൽ കോടതി കുറ്റവിമുക്തനാക്കിയതു കൊണ്ട് അച്ചടക്ക നടപടി പിൻവലിക്കേണ്ടതില്ലെന്നും ബോർഡ് വാദിച്ചു. ഇതേ കാരണം പറഞ്ഞാണ് 2016 ലും 2017 ജനുവരിയിലും സ്‌കോട്‌ലന്റ് ലീഗിൽ ഗ്ലെൻറോത്‌സിനു കളിക്കാനുള്ള ശ്രീശാന്തിന്റെ അഭ്യർഥന ബി.സി.സി.ഐ തള്ളിയത്. 2013 ലെ ഐ.പി.എല്ലിലാണ് ശ്രീശാന്ത് അവസാനം കളിച്ചത്.
തന്റെ വാദം കേൾക്കാതെയാണ് ബി.സി.സി.ഐ അച്ചടക്ക സമിതി നടപടിയെടുത്തത് എന്നായിരുന്നു കോടതിയിൽ ശ്രീശാന്തിന്റെ വാദം. ബി.സി.സി.ഐ വാദിച്ചത് ഇങ്ങനെയായിരുന്നു: 'കോടതി നടപടികളിൽ ശിക്ഷ നൽകാനുള്ള കണിശമായ മാനദണ്ഡമനുസരിച്ചല്ല ഒരു സംഘടനയിലെ അച്ചടക്കലംഘനത്തിന് ശിക്ഷ നൽകുന്നത്. അതിനാൽ അച്ചടക്കലംഘനത്തിന് ശിക്ഷിക്കപ്പെടുന്നയാൾ അതേ തെളിവുകൾ വെച്ച് കോടതികളിൽ ശിക്ഷിക്കപ്പെടണമെന്നില്ല. കോടതി കുറ്റവിമുക്തനാക്കിയ ശേഷവും വിലക്ക് നീക്കേണ്ടെന്ന് പ്രവർത്തക സമിതി തീരുമാനിക്കുകയായിരുന്നു'.
പ്രായം കഴിയുന്നു
വീട്ടിലെ ഇൻഡോർ നെറ്റ്‌സിൽ താൻ പരിശീലനം നടത്താറുണ്ടെന്നും അവസരം കിട്ടിയാൽ മാച്ച് ഫിറ്റ്‌നസ് തെളിയിക്കുമെന്നുമാണ് ശ്രീശാന്ത് പറയുന്നത്. ഇനിയും മൂന്നാലു വർഷം കളിക്കാം. ടെസ്റ്റ് ടീമിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം -മുപ്പത്തിനാലുകാരൻ പറഞ്ഞു.
എന്നാൽ നാലു വർഷമായി മത്സരം കളിക്കാത്ത ഒരാൾക്ക് ബോർഡ് അനുവദിച്ചാൽ പോലും തിരിച്ചുവരിക എളുപ്പമായിരിക്കില്ല. കേരളാ ടീമിൽ കളിച്ചാൽ തന്നെ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇശാന്ത് ശർമ, ഭുവനേശ്വർകുമാർ എന്നിവരിലൊരാളെ പുറന്തള്ളി ഇന്ത്യൻ ടീമിൽ കയറിക്കൂടുക വളരെ പ്രയാസമായിരിക്കും. മലയാളി താരം ബെയ്‌സിൽ തമ്പിയുൾപ്പെടെ ഇന്ത്യ എ, അണ്ടർ-19 ടീമുകളിലെയും ഐ.പി.എല്ലിൽ കരുത്തു തെളിയിച്ചവരുടെയും നീണ്ട നിര റിസർവ് പട്ടികയിലുമുണ്ട്.