ഷാര്‍ജ- അറബി കവിതാ ഉത്സവത്തിന്റെ പതിനെട്ടാം പതിപ്പിന്റെ ഉദ്ഘാടനം യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു. നിരവധി അറബ് രാജ്യങ്ങളില്‍നിന്നുള്ള 40 കവികളുടെ പങ്കാളിത്തത്തോടെ ഷാര്‍ജ സാംസ്കാരിക സമുച്ഛയത്തില്‍ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം ജനുവരി 10 വരെ നീളും.
ചടങ്ങില്‍ നിരവധി കവിതകള്‍ അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ അറബി സാഹിത്യത്തെ പിന്തുണക്കുന്നതില് ഷാര്‍ജ നടത്തിയ ശ്രമങ്ങളെ അവര്‍ എടുത്തുകാട്ടി. അറബ് ലോകത്തെ കവിതകളെയും കവികളെയും പിന്തുണച്ചതിന് കവികള്‍ ഷാര്‍ജ ഭരണാധികാരിയോട് നന്ദി പറഞ്ഞു.
കവിതാലാപനത്തിന് ശേഷം ഷാര്‍ജ ഭരണാധികാരി യു.എ.ഇ കവി സാലിം അല്‍ സാബ്രിയെയും മൊറോക്കന്‍ കവി ഇസ്മായില്‍ ബിന്‍ ഒമറിനെയും പുരസ്കാരം നല്കി ആദരിച്ചു.