അബുദാബി- ഇതര മതങ്ങളെയോ വിശുദ്ധ ഗ്രന്ഥത്തെയോ അപമാനിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് അബുദാബി ജുഡീഷ്യല്‍ വകുപ്പ്.
അബുദാബി ജുഡീഷ്യല്‍ വകുപ്പിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അല്‍ മസ്രൂയിയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ ജാതി, മത, വര്‍ണത്തെ അടിസ്ഥാനമാക്കി വേര്‍തിരിക്കുന്നതിനെതിരെ ഞങ്ങള്‍ നിലകൊള്ളുന്നു, കുറ്റവാളിയെ അഞ്ച് വര്‍ഷത്തേക്ക് ജയിലിലടക്കും. രാജ്യത്തിന്റെ നിയമപ്രകാരം ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും.
എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവര്‍ക്ക് ന്യായമായ സേവനങ്ങളും നീതിയും ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് യു.എ.ഇ നയം. അവര്‍ ആരായാലും, അവരുടെ മതം, ദേശീയത, പശ്ചാത്തലം അല്ലെങ്കില്‍ സംസ്‌കാരം എന്നിവ പരിഗണിക്കാതെ തന്നെ യു.എ.ഇയില്‍ അവരെ തുല്യമായി പരിഗണിക്കുന്നു. എല്ലാവര്‍ക്കും തുല്യമായി നീതി ലഭിക്കുന്നു-അവര്‍ പറഞ്ഞു.
വിവേചനവും വിദ്വേഷവും സംബന്ധിച്ച 2015 ലെ ഫെഡറല്‍ ലോ നമ്പര്‍ (2) അനുസരിച്ച്, കുറ്റവാളിക്ക് 250,000 ദിര്‍ഹം മുതല്‍ ദശലക്ഷം ദിര്‍ഹം വരെയും അഞ്ച് വര്‍ഷം തടവും ശിക്ഷ നല്‍കുന്നു.
ഏതെങ്കിലും മതത്തെയോ അതിന്റെ പുണ്യ കാര്യങ്ങളെയോ കുറ്റപ്പെടുത്തുക, മതപരമായ ആചരണങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെ തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യുക, ഏതെങ്കിലും വിധത്തില്‍ വളച്ചൊടിക്കുക, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങള്‍, ആരാധനാലയങ്ങള്‍, ശവസംസ്‌കാര കേന്ദ്രങ്ങള്‍ എന്നിവ നശിപ്പിക്കുക തുടങ്ങിയവയെ കുറ്റകൃത്യമായി കണക്കാക്കും. ”
മുസ്‌ലിം പള്ളി, ക്ഷേത്രം, സിനഗോഗ്, ക്രിസ്ത്യന്‍ പള്ളി, ഗുരുദ്വാര എന്നിങ്ങനെയുള്ള ആരാധനാലയങ്ങളെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കെതിരെയും നിയമം ശക്തമായി പ്രതികരിക്കുമെന്ന് അല്‍ മസ്രൂയി പറഞ്ഞു.