നാദാപുരം- ചെക്യാട് രണ്ട് മക്കളേയും എടുത്ത് മാതാവ് കുളത്തിൽ ചാടി. മൂവരും മരിച്ചു. നാദാപുരം ചാലപ്രത്തെ പഴയ കോവുമ്മൽ റിഷാദിന്റെ ഭാര്യ ഫസ്‌ന (24) മക്കളായ യു.കെ.ജി വിദ്യാർഥിനി ആമിന ഹസ്‌റിൻ (5),എൽ.കെ.ജി വിദ്യാർഥിനി റിസ നസ്‌നിൻ (4) എന്നിവരാണ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. രാവിലെ ചാലപ്രത്തെ വീട്ടിൽ നിന്നും വട്ടോളി ഹൈടെക്ക് പബ്ലിക്ക് സ്‌കൂൾ ബസ്സിൽ കുട്ടികളെ യൂണിഫോമിൽ കയറ്റി വിട്ട് അല്പ സമയത്തിന് ശേഷം ബസ്സ് ഡ്രൈവറെ
ഫോണിൽ വിളിച്ച് കുട്ടികളെ ഡോക്ടറെ കാണിക്കാനുണ്ടെന്ന് പറഞ്ഞ് രണ്ട് മക്കളെയും നാദാപുരം പോലീസ് സ്‌റ്റേഷന് സമീപത്ത് ഇറക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഓട്ടോയിലെത്തിയ ഫസ്‌ന കുട്ടികളെയും കയറ്റി ചെക്യാട് സ്വന്തം വീടിന് സമീപത്തെ ഉളളിപ്പാറകുളത്തിന് സമീപമെത്തുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ എത്തിയ ഫസ്‌ന മക്കളെയും കൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ക്വാറിക്ക് സമീപത്ത് വെച്ച് ഫസ്‌ന ഭർതൃസഹോദരിയെ ഫോണിൽ വിളിച്ച് പാറക്കുളത്തിന് സമീപം നിൽക്കുകയാണെന്ന് അറിയിച്ചിരുന്നതായും പറയുന്നു. കുട്ടികളുമായി വെളളത്തിൽ ചാടിയ ഫസ്‌നയുടെ ശബ്ദം കേട്ട സമീപവാസികളായ യുവാക്കൾ കുളത്തിൽ പൊങ്ങി നിൽക്കുന്ന കുട്ടികളെ കണ്ടതോടെ ഇവർ വെളളത്തിൽ ചാടി കുട്ടികളെ കരക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രണ്ട് പേരും മരിച്ചിരുന്നു. വാഹന സൗകര്യമില്ലാത്ത പ്രദേശമായതിനാൽ ബൈക്കിൽ കയറ്റിയാണ് റോഡ് വരെ കുട്ടികളെ എത്തിച്ചതെന്ന് രക്ഷാ പ്രവർത്തനം നടത്തിയ യുവാക്കൾ പറഞ്ഞു. ഫസ്‌നക്ക് വേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയും. ചേലക്കാട്ട് നിന്ന് ഫയർ ഫോഴ്‌സ് സ്‌കൂബ ടീം എത്തിയാണ് ഫസ്‌നയുടെ മൃതദേഹം നാല്പതടി താഴ്ചയിൽ നിന്ന് പതിനൊന്ന് മണിയോടെ പുറത്തെടുത്തത്. വടകര തഹസിൽദാർ കെ.കെ.രവീന്ദ്രൻ ,എ എസ് പി അങ്കിത്ത് അശോകൻ,വളയം എസ് ഐ ആർ.സി. ബിജു എന്നിവരുടെ നേതൃത്വത്തിൽ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി രാത്രിയോടെ ചെക്യാട് ഫസ്‌നയുടെ വീട്ടിലെത്തിച്ച് ചെക്യാട് പളളിയിൽ ഖബറടക്കി. ഉമ്മ ആയിഷ.സഹോദരങ്ങൾ: റാഷിദ് , നിസാർ, അൻവർ , ഹാഷിം (മൂവരും ദുബൈ). മുനീർ (ഖത്തർ) റിയാസ് (ഖത്തർ) ആഷിഫ, ഫിറോസ്.