തലശ്ശേരി- ദേശീയപാതയിൽ കണ്ണൂക്കരയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തൃശൂർ സ്വദേശികളാണ് മരിച്ചത്. പുലർച്ചെ മുന്നോടെയാണ് സംഭവം. തലശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിൽ എതിരെ വന്ന ലോറി
ഇടിക്കുകയായിരുന്നു. രണ്ടു പേർ ആശുപത്രിയിലേക്കുള്ള വഴിയിലും ഒരാൾ ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്.
നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശ്ശൂർ അളഗപ്പ നഗറിൽ ആമ്പല്ലൂരിലെ എക്കാട്ട് ഇല്ലത്ത് ഇ.ആർ പത്മനാഭൻ നമ്പൂതിരി(55) ഭാര്യ അനിത(46) മകൻ ശ്രാവൺ(27) എന്നിവരാണ് മരിച്ചത.് കാർ ഓടിച്ചിരുന്ന ഇവരുടെ മൂത്ത മകൻ ശ്രേയസിനെ(29) കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയി തിരിച്ച് വരുന്നതിനിടെയാണ് അപകടം. നാട്ടുകാരോടൊപ്പം ചോമ്പാല പോലീസും വടകരയിൽ നിന്നു ഫയർഫോഴ്‌സും എത്തി രക്ഷാപ്രവർത്തനം നടത്തി. മൂന്നു പേരുടെയും മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. അപകടത്തിൽ കാർ നിശേഷം തകർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ഫയർഫോഴ്‌സ് മൂന്നു പേരെ പുറത്തെടുത്തത്