കോഴിക്കോട്- ബി.ജെ.പിയുടെ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചതിനെ തുടർന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയെ സംഘടന പദവികളിൽനിന്ന് പുറത്താക്കി. സമസ്തയുടെ കീഴ്ഘടകങ്ങളിലെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും നാസർ ഫൈസിയെ പുറത്താക്കിയതായി സമസ്ത ഓഫിസ് അറിയിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി, ജംഇയ്യത്തുൽ ഖുത്ത്ബ സംസ്ഥാന സെക്രട്ടറി എന്നി പദവികളാണ് അദ്ദേഹം വഹിച്ചിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ ഉയരുമ്പോഴാണ് ബിജെപിക്ക് സഹായകരമാകുന്ന നിലപാട് നാസർ ഫൈസി കൂടത്തായി സ്വീകരിച്ചതെന്നാണ് വിമർശനം.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുളള ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ബി.ജെ.പി നേതാക്കൾ ഇന്നലെ നാസർ ഫൈസി കൂടത്തായിയുടെ വീട്ടിൽ എത്തിയിരുന്നു. ഇവരിൽ നിന്നും പൗരത്വ നിയമത്തെക്കുറിച്ചുളള ലഘുലേഖ നാസർ ഫൈസി സ്വീകരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്ന് ഫൈസി മാപ്പ് ചോദിച്ചിരുന്നു.
മാപ്പപേക്ഷിച്ച് ഫൈസി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ്
ജനുവരി അഞ്ചിന് എന്റെ വീട്ടിൽ നാട്ടുകാരായ ബി.ജെ.പി നേതാക്കളും മറ്റുള്ളവരും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വന്നിരുന്നു.ബില്ലുമായി ബന്ധപ്പെട്ട എന്റെ നിലപാട് കൃത്യമായി ഞാൻ പറയുകയും വാഗ്വാദം നടക്കുകയും ചെയ്തു. പോവാൻ എഴുന്നേറ്റപ്പോൾ എന്റെ കൈയിൽ ഒരു ലഘുലേഖ വെച്ച് നീട്ടി. അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാനത് നിരസിക്കേണ്ടതായിരുന്നു.എന്നാൽ എനിക്കതിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു നിലക്കും അതിനെ ന്യായീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ വലിയ അപരാധത്തിൽ മതേതര ഇന്ത്യയോടും പ്രത്യേകിച്ച് എന്റെ സംഘടനാ സുഹൃത്തുക്കളോടും പ്രവർത്തകരോടും ഞാൻ നിർവ്യാജം മാപ്പ് ചോദിക്കുന്നു. ഇത് മൂലം എന്റെ സംഘടനക്കും പ്രസ്ഥാന ബന്ധുക്കൾക്കും വലിയ പ്രയാസമുണ്ടാക്കി എന്ന് ഞാൻ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരമടക്കം ഫാഷിസ്റ്റ് ദുഷ്ടശക്തികളെ ആട്ടി അകറ്റാനുള്ള ധർമ്മ പോരാട്ടത്തിൽ ആയുസ്സ് മുഴുക്കെ എല്ലാ ഇന്ത്യക്കാരോടുമൊപ്പം ഞാനുമുണ്ടാകും തീർച്ച. എന്നെ ഞാനാക്കിയ പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും മതേതര വിശ്വാസികളോടും മാപ്പ് , ഭൂമിയോളം താഴ്ന്ന് മാപ്പ്.