ന്യൂദല്‍ഹി- ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കകേസുകള്‍ ഇന്ന് സുപ്രിംകോടതിയില്‍. സ്വമേധയാ ലിസ്റ്റ് ചെയ്ത കേസാണ് കോടതി ഇന്ന് പരിഗണിക്കുക. കേരളത്തിലെ വിവിധ കോടതികളില്‍ ഇരുസഭകളും തമ്മിലുള്ള 200 ഓളം തര്‍ക്കകേസുകളിലാണ് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഈ കേസുകളില്‍ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാടുകള്‍ രണ്ട് വിഭാഗവും ആശങ്കയോടെയാണ് കാത്തിരിക്കുന്നത്.
ഇടവക അംഗങ്ങളുടെ മൃതദേഹങ്ങള്‍ പള്ളിവക സെമിത്തേരിയില്‍ സംസ്‌കരിക്കുന്നത് അവകാശമാക്കി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഈ കേസുകളിലെ സുപ്രിംകോടതി നിലപാട് നിര്‍ണായകമാവും. ഓര്‍ഡനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ച് പുറത്തിറക്കിയിട്ടില്ലാത്തതിനാല്‍ അതിനെ ചോദ്യം ചെയ്യുന്നത് സാധ്യമല്ല.