കോഴിക്കോട്- പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകരിൽനിന്ന് ലഘുലേഖ വാങ്ങി ഫോട്ടോക്ക് പോസ് ചെയ്തതിൽ വിശദീകരണവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് നാസർ ഫൈസി കൂടത്തായ് രംഗത്ത്. ഫൈസിയുടെ വിശദീകരണം: ചില കാര്യങ്ങൾ തുറന്ന് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ബി.ജെ.പിയുടെ ചില പ്രാദേശിക നേതാക്കൾ ഇന്ന് എന്റെ വീട്ടിൽ വന്നപ്പോൾ വിഷയം അങ്ങുമിങ്ങും സംസാരിച്ചു. അവസാനം ഒരു ലഘുലേഖ നൽകിയപ്പോൾ അത് വാങ്ങുന്ന മര്യാദ കാണിച്ചു. അത് ഫോട്ടോ എടുത്തു. ശേഷം ഞാൻ അവരെ വിളിക്കുകയും നിങ്ങൾ വീട്ടിൽ വന്നപ്പോൾ എന്റെ മര്യാദയും ആതിഥ്യസ്വഭാവവും ഞാൻ കാണിച്ചു. എന്നാൽ നിങ്ങൾ എടുത്ത ഫോട്ടോ പ്രചരണത്തിന് ഉപയോഗിക്കുന്നത് എനിക്ക് സമ്മതമല്ലെന്നു തീർത്ത് പറഞ്ഞു.ഇത് അതിനല്ലെന്നും ഒരു കാരണത്താലും സംഘടനാ പ്രചരണത്തിനോ മറ്റോ ഉപയോഗിക്കില്ലെന്നും അവർ ഉറപ്പു തന്നു (ഇതിന്റെ ഫോൺ റിക്കോർഡ് ഉണ്ട്).
പക്ഷേ ഈ ഫോട്ടോ അവർ പ്രചരണത്തിന് ഉപയോഗപ്പെടുത്തിയതായി കാണുന്നു. അത് തികച്ചും വഞ്ചനാപരമാണ്. അതിലെ വിയോജിപ്പ് ഇന്ന് തന്നെ ഞാൻ അറിയിക്കുകയും ചെയ്തു.ഫാഷിസത്തോട് ഒരു കോംപ്രമൈസും ഉണ്ടായിക്കൂടാ എന്നത് ഉറച്ച നിലപാട് തന്നെയാണെന്നും നാസർ ഫൈസി പറഞ്ഞു.