ഇടുക്കി- പ്ലാസ്റ്റിക്കിനെ പടി കടത്താനുള്ള ഹരിത കേരളം മിഷന്റെ പരിശ്രമങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ രാജമുടിയിലെ നവജ്യോതി കുടംബശ്രീ യൂനിറ്റ്. ഒരു വിധത്തിലുള്ള രാസപദാര്‍ഥങ്ങളും ഉപയോഗിക്കാതെ പൂര്‍ണമായും കോട്ടണ്‍ തുണി കൊണ്ട് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ചു നല്‍കിക്കൊണ്ടാണ് ഇവര്‍ കേരളത്തിനാകെ മാതൃകയാകുന്നത്. 'കോട്ടണ്‍ കെയര്‍' എന്ന പേരില്‍ നൂറു ശതമാനം സംശുദ്ധമായ സാനിറ്ററി നാപ്കിനുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇവര്‍. സംസ്ഥാനത്ത് വേറെ ഇത്തരം യൂനിറ്റുകളില്ലെന്ന് നവജ്യോതി പ്രവര്‍ത്തകര്‍ അഭിമാനം കൊള്ളുന്നു.
കഴുകിയാല്‍ വളരെ പെട്ടെന്ന് ഉണങ്ങുന്ന ഗുണമേന്മയുള്ള കോട്ടണ്‍ പ്ലാനല്‍ തുണിയാണ് നാപ്കിനുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. വിപണിയിലെ ഒന്നാംകിട നാപ്കിനുകളുടെ അതേ മോഡലില്‍ തന്നെയാണ് ഈ നാപ്കിന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ഒരെണ്ണം അഞ്ച് മണിക്കൂര്‍ സമയം ഫലപ്രദമാണ്.
രാജമുടി തിരുഹൃദയ സന്യാസിനി മഠത്തിനു കീഴിലെ നവജ്യോതി ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി സിസ്റ്റര്‍ ആന്‍ മേരിയാണ് ഈ പ്രകൃതി സൗഹൃദ ഹരിത സംരംഭത്തിന് തുടക്കമിട്ടത്. പോണ്ടിച്ചേരിയില്‍ വെച്ച് യാദൃഛികമായാണ് തുണി കൊണ്ടുണ്ടാക്കിയ ആധുനിക നാപ്കിന്‍ കാണാനിടയായത്. സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തിന്റെ ദോഷങ്ങളും ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള സിസ്റ്റര്‍ക്ക് നേരത്തേ തന്നെ അറിവുണ്ടായിരുന്നു. തുടര്‍ന്ന് ചെത്തിപ്പുഴ ആശുപത്രിയിലെ നാച്യുറോപ്പതി വിഭാഗത്തിലെ ഡോ.അഭിരാമിയുമായി ഇത്തരം നാപ്കിനുകളുണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഡോക്ടറുടെ അമ്മ ഇത്തരം നാപ്കിനുകളുണ്ടാക്കാന്‍ പരിശീലനം നേടിയ ആളായിരുന്നു. അങ്ങനെ സിസ്റ്റര്‍ ഉള്‍പ്പെടെ നാലുപേര്‍ തിരുപ്പൂരിലെത്തി പരിശീലനം നേടി. തുടര്‍ന്നാണ് രാജമുടി മഠത്തിന്റെ നഴ്സറി സ്‌കൂളിനോട് ചേര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ എട്ടിന് തയ്യല്‍ യൂനിറ്റ് തുടങ്ങിയത്. കുടുംബശ്രീ യൂനിറ്റില്‍ 10 അംഗങ്ങളാണുള്ളത്.