Sorry, you need to enable JavaScript to visit this website.

ജനമുന്നേറ്റത്തിന് മുന്നില്‍ അമിത് ഷാ മുട്ടുമടക്കും -കുഞ്ഞാലിക്കുട്ടി

വടകര- രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മോഡിക്കും, അമിത് ഷാക്കും മുട്ടുമടക്കേണ്ടി വരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് കുറ്റിയാടി മണ്ഡലം സമ്മേളനത്തിന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ പിഴുതെറിഞ്ഞ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒപ്പം നില്‍ക്കുന്നവരില്‍ നിന്ന് പോലും ബി.ജെ.പി ഒറ്റപ്പെടുകയാണ്. കിരാതമായ ബ്രിട്ടീഷ് ഭരണത്തെ അനുസ്മരിപ്പിക്കും വിധമാണ് മോഡിയും അമിത് ഷായും സമാധാനപരമായ പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്തുന്നതെന്നും, വെള്ളക്കാര്‍ക്ക് സംഭവിച്ച അതേ അന്ത്യമായിരിക്കും ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക, വ്യാവസായിക, കാര്‍ഷിക, ആരോഗ്യ മേഖല ഉള്‍പ്പെടെ എല്ലാ രംഗത്തും തികഞ്ഞ പരാജയമായ കേന്ദ്ര സര്‍ക്കാര്‍ ലോക രാജ്യങ്ങള്‍ക്കു മുമ്പിലും പൗരത്വ ബില്ലിലൂടെ നാണക്കേടുണ്ടാക്കിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം.പി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എഫ് അഖിലേന്ത്യ സെക്രട്ടറിയും ദല്‍ഹി ജാമിഅ മില്ലിയ സമര നായകനുമായ അതീബ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.കെ സുബൈര്‍, പി.അമ്മത് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം അബൂബക്കര്‍ മാസ്റ്റര്‍, കെ.ടി അബ്ദുറഹിമാന്‍, എഫ്.എം മുനീര്‍, കെ.കെ നവാസ്, പി.പി റഷീദ്, ചുണ്ടയില്‍ മൊയ്തു ഹാജി, കെ.സി മുജീബ് റഹ്മാന്‍, വി.പി റിയാസ് സലാം, സി.എം അഹമ്മദ് മൗലവി, കെ.കെ ഹമീദ് മാസ്റ്റര്‍, കെ.അഹമ്മദ് ഹാജി, വി.കെ അബ്ദുല്ല, ശ്രീജേഷ് ഊരത്ത്, ഹാരിസ് മുറിച്ചാണ്ടി, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, എം.എ കഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിന്റെ മുന്നോടിയായി കോട്ടപ്പളളിയില്‍ നിന്ന് ആരംഭിച്ച ദേശ് ബച്ചാവോ റാലിയില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ പി.അബ്ദുറഹിമാന്‍, എം.എം മുഹമ്മദ്, മന്‍സൂര്‍ എടവലത്ത്, ഇ.പി സലീം, സാദിഖ് മണിയൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

Latest News