അല്‍ഹസ- സൗദി ഗവണ്മെന്റ് വിദേശികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ ലൈസന്‍സ് നല്‍കിയ ശൈഖിന്റെ നേതൃത്വത്തില്‍ ഒരു നികാഹ് അല്‍ഹസ മലയാളി വിവാഹ ചരിത്രത്തില്‍ ആദ്യത്തേത്.
അല്‍ഹസ അല്‍ ഹഫൂഫിലെ വലിയ ജുമുഅത്ത് പള്ളിയായ ഇമാം ഫൈസല്‍ ബിന്‍ തുര്‍ക്കി വലിയ ജുമാ മസ്ജിദില്‍ ആണ് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞതോടെ നികാഹിനുള്ള വേദി ഒരുങ്ങിയത്. ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ ജാസിം ആണ് നികാഹിനു നേതൃത്വം നല്‍കിയത്.
അല്‍ഹസയിലെ മഹാസിനില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശികളായ ഇബ്‌റാഹീം സിദ്ധീഖ്-സൈനത്ത് ബീവി എന്നിവരുടെ മകള്‍ ഫാത്തിമ നഈമയും ദമാമില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശികളായ മുഹമ്മദ് സാലിഹ്-സമീന എന്നിവരുടെ മകന്‍ ഇല്യാസ് അഹ്മദും തമ്മിലുള്ള വിവാഹമാണ് ബന്ധുക്കളുടെയും വിവിധ നാട്ടുകാരായ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്നത്. വരന്‍ ദമാമിലും വധു അല്‍ഹസയിലും യൂനിവേഴ്‌സിറ്റിയില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ ജാസിം നികാഹ് ഖുതുബ നടത്തി. ലളിതവും മാതൃകാപരവുമായിരുന്നു നികാഹിന്റെ ചടങ്ങുകള്‍.
ഇങ്ങനെ വിവാഹം നടത്താം എന്നത് അവിടെക്കൂടിയ പലര്‍ക്കും പുതിയ അറിവായിരുന്നു. അതിനുള്ള വഴികള്‍ പലരും ചോദിച്ചറിയുകയും വിളിക്കാനായി നമ്പര്‍ വാങ്ങുകയും ചെയ്തു.
സൗദി വിവാഹ രജിസ്റ്ററില്‍ വിവാഹം രേഖപ്പെടുത്തി വരനും വധുവും രണ്ടു സാക്ഷികളും ഒപ്പുവെച്ചു. മാര്യേജ് സര്‍ട്ടിഫിക്കറ്റ് അല്‍ഹസ കുടുംബ കോടതിയില്‍ നിന്നും ഇവര്‍ക്ക് കൈമാറും.
സാധാരണ വിദേശികളുടെ വിവാഹം കുടുംബ കോടതികള്‍ മുഖേനയാണ് നടക്കുന്നത്. എന്നാല്‍ വരനും വധുവിന്റെ രക്ഷിതാവിനും നന്നായി അറബി അറിയാമെങ്കില്‍ വിവാഹം നടത്താന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ സ്വദേശി ശൈഖന്മാരുടെ സാന്നിധ്യത്തില്‍ കോടതിക്ക് പുറത്തു വെച്ച് നികാഹ് നടത്താവുന്നതാണ്. കുറച്ചു നാള്‍ മുമ്പാണ് സ്വദേശികള്‍ക്കു പുറമെ വിദേശികള്‍ക്കു കൂടി വിവാഹം നടത്താന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചത്.
വിവാഹിതരായ ദമ്പതികളും ഇരു കുടുംബങ്ങളും വ്യക്തിപരമായി അല്‍ഹസയിലെ പ്രവാസ ജീവിതത്തില്‍ വര്‍ഷങ്ങള്‍ ബന്ധമുള്ളവരും പരിചയമുള്ളവരുമാണ്.