ജലദൗർലഭ്യത്തിന്റെയും മലിനീകരണത്തിന്റെയും ശയ്യാഗാരത്തിൽ കുരുങ്ങിമരിച്ചുകൊണ്ടിരുന്ന ഭാരതപ്പുഴക്ക് ഒരളവോളം പുതുജീവൻ നൽകിയത്പ്രമുഖ പ്രവാസി വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദിന്റെ സേവ് വാട്ടർ, സേവ് എർത്ത് പദ്ധതി. നിളയുടെ ഓളങ്ങൾ വീണ്ടും കവിതയുടെ കൈവഴികളെ ആലിംഗനം ചെയ്യുന്ന കാഴ്ചകളിലൂടെ...
കേരളീയ സംസ്‌കൃതിയുടെ സമ്പന്നമായ പ്രവാഹ സമൃദ്ധിയുടെ പ്രതീകമാണ് നിള എന്ന ഭാരതപ്പുഴ. മലമ്പുഴയുടെ മഹാസ്രോതസ്സിൽ നിന്നുയിരെടുത്ത് പൊന്നാനി ചമ്രവട്ടം അഴിമുഖത്ത് വെച്ച് കടലിന്റെ കനിവിലേക്ക് അലിഞ്ഞുചേരുന്ന നിളയുടെ പുളിനങ്ങളിലാണ് മലയാളത്തിന്റെ മഹാരഥന്മാരിലേറെപ്പേരും ജീവിച്ചു മരിച്ചത്.
പുഴ പിന്നീട് മലിനമാവുകയും വറ്റിവരളുകയും കാലാന്തരത്തിൽ മരുഭൂമിയാവുകയും ചെയ്തപ്പോഴാണ് നിളാ സംരക്ഷണവുമായി പ്രകൃതി സ്‌നേഹികൾ രംഗത്ത് വന്നത്. വള്ളുവനാടിന്റെ പടവാൾ എന്ന് വിശേഷിപ്പിക്കാവുന്ന ഇ.പി. ഗോപാലൻ, പരിസ്ഥിതി പ്രവർത്തകൻ ഇന്ത്യനൂർ ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാരംഭിച്ച ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ അക്ഷീണ യത്‌നം ഇന്നിപ്പോൾ പ്രമുഖ പ്രവാസി ബിസിനസുകാരനും പാലക്കാട്ടുകാരനുമായ ഡോ. സിദ്ദീഖ് അഹമ്മദിലെത്തി നിൽക്കുന്നു.
ഉവ്വ്, പുഴയെ നമുക്ക് പതുക്കെയാണെങ്കിലും അതിന്റെ പൂർവ ഭാവങ്ങളോടെ തിരിച്ചുകിട്ടിയിരിക്കുന്നു.
ഭാരതപ്പുഴയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രകൃതി സ്‌നഹികളായ ഒരു കൂട്ടം ആളുകളുടെ പരിശ്രമമാണിവിടെ സാർഥകമാകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക ധാരകളുടെ വിശുദ്ധ തീരമായ നിളാതീരം, തലമുറകളുടെ ജലസ്രോതസ്സായി നീണ്ടു നിവർന്നു ശയിക്കുന്നു. പുഴയും പുഴയോളങ്ങളും അവയുടെ ഗതകാലൈശ്വര്യങ്ങളുടെയും പ്രതാപങ്ങളുടെയും ചൂടും ചൂരും തിരിച്ചെടുത്ത് കൊണ്ടിരിക്കുന്നു. സേവ് വാട്ടർ, സേവ് എർത്ത് എന്ന മുദ്രാവാക്യവുമായി സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പ് മുൻകൈയെടുത്താണ് ഭാരതപ്പുഴയെ അതിന്റെ ജലവസന്ത ശോഭയോടെ തിരിച്ചുപിടിക്കുന്നത്. പുഴയുടെ കൈവഴികളിലും വിശാല തീരങ്ങളിലും കണ്ടു വന്ന ഊഷരമായ സ്ഥായീഭാവങ്ങളെയും മരുനിരപ്പുകളെയും മനുഷ്യാധ്വാനം കൊണ്ട് മറികടക്കാനായിരിക്കുന്നു. പ്രദേശങ്ങളിലാകെ അനുഭവപ്പെട്ടിരുന്ന വലിയ തോതിലുള്ള ജലക്ഷാമത്തിന് ഒരു പരിധി വരെ ഇപ്പോൾ ശമനമായിരിക്കുന്നു.
2017 മുതൽ ഭാരതപ്പുഴയുടെ ഇരുകരകളിലും ജീവിക്കുന്ന ജനങ്ങൾക്കിടയിൽ ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അമിതമായ ജലവ്യയത്തിനെതിരെയും ശക്തമായ ബോധവൽക്കരണം നടത്താൻ ഡോ. സിദ്ദീഖ് അഹമ്മദിനും അദ്ദേഹത്തിന്റെ സംഘത്തിനും സാധിച്ചു. സർക്കാർ സ്ഥാപിച്ച തടയണകളിൽ കാലക്രമേണ സംഭവിച്ച ബലക്ഷയം വിപുലമായ ജന പങ്കാളിത്തത്തോടെയും തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയും പുനർനിർമിക്കാൻ സാധിച്ചതാണ് ഭാരതപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ വലിയ തുണയായിത്തീർന്നത്. ഇത്തരത്തിൽ ഭാരതപ്പുഴയിലെ അര ഡസൻ ചെക്ക് ഡാമുകൾ പ്രവർത്തന ക്ഷമമാക്കാൻ സാധിച്ചുവെന്നതാണ് ഈ രംഗത്തെ ഇറാം ഗ്രൂപ്പിന്റെ ഇടപെടൽ കൊണ്ടുണ്ടായ വലിയ നേട്ടങ്ങളിലൊന്ന്.
ഭൂഗർഭ ജലം സംരക്ഷിക്കാനും അതിനെ അതേ പടി സംരക്ഷിക്കാനും സാധിച്ചു. ഇത്തരം പ്രവർത്തനങ്ങൾ കേവലം രണ്ടു കൊല്ലം കൊണ്ട് തന്നെ ഫലം കാണുകയും ചെയ്തതായി ഇറാം ഗ്രൂപ്പ് മേധാവി ഡോ. സിദ്ദീഖ് അഹമ്മദ് മലയാളം ന്യൂസിനോട് പറഞ്ഞു. പുഴയിൽ വെള്ളത്തിന്റെ അളവ് വർധിക്കാനും സമീപ പ്രദേശങ്ങളിലേതടക്കം ജലസ്രോതസ്സുകൾ ശക്തിപ്പെടാനും ഈ പ്രവർത്തനം കൊണ്ട് സാധിച്ചു. പുതിയ തടയണ നിർമാണം കൊണ്ട് ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ഇത് വഴി ജല ദൗർലഭ്യം പരിഹരിക്കാനായതെന്നും ഡോ. സിദ്ദീഖ് അഹമ്മദ് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ജലസംരക്ഷണത്തിനായി 5000 കോടി ഡോളർ (ഏകദേശം 3.54 ലക്ഷം കോടി രൂപ) ഇന്ത്യ നീക്കിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂയോർക്കിലെ കാലാവസ്ഥാ ഉച്ചകോടിയിൽ ഈയിടെ നടത്തിയ പ്രഖ്യാപനം തന്നെ വെള്ളം നാമെങ്ങനെ സംരക്ഷിക്കണമെന്നതിന്റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പെരിയാർ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ പുഴയായ നിളയെ സംരക്ഷിക്കാനും അതിന്റെ കരുത്തും സൗന്ദര്യവും നിലനിർത്താനുമുള്ള തദ്ദേശീയരുടെ സഹായത്തോടെ ഇറാം ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനക്ക് അടിവരയിടുന്നതാണ്.
ശുദ്ധജലം, ശുദ്ധവായു, ശുദ്ധമായ ആവാസ വ്യവസ്ഥ -ഈ ലക്ഷ്യം മുൻനിർത്തിയുള്ള നിർമാണാത്മക പ്രവർത്തനങ്ങൾക്കാണ് ഇറാം ഊർജസ്വലതയോടെ രംഗത്തിറങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും മറ്റും സഹകരണം തേടിയാണ് ഇറാം ഗ്രൂപ്പും അവരോടൊപ്പം നിൽക്കുന്ന നാട്ടുകാരുടെ വലിയൊരു കൂട്ടായ്മയും ജലധൂർത്തിനെതിരെയുള്ള കാമ്പയിന് തുടക്കമിട്ടത്. കിണറുകൾ, കുളങ്ങൾ, പ്രകൃതിദത്ത നീരുറവകൾ, മറ്റു ജലാശയങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ഈ കാമ്പയിന് തുടക്കം കുറിച്ചത്. കിണറുകളുടെ മലിനീകരണത്തിനെതിരെയും അവയുടെ ആവാസ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടതിനെതിരെയും വിപുലമായ പ്രചാരണ പ്രവർത്തനം നടത്തിയപ്പോൾ ജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. തന്റെ ബാല്യകാലത്തെ നാട്ടിൻപുറത്തിന്റെ നന്മകളായ കിണറുകളും കുളങ്ങളും തിരിച്ചുപിടിക്കാനുള്ള യത്‌നത്തിൽ പാലക്കാടൻ ഗ്രാമങ്ങളാകെ ഡോ. സിദ്ദീഖ് അഹമ്മദിനൊടൊപ്പം നിലയുറപ്പിച്ചു. ബാല്യം തിമിർത്താടിയ നീന്തൽക്കുളങ്ങളുടെ പുനരധിവാസം കൂടിയായിരുന്നു അത്. കൃഷിനിലങ്ങളുടെ മൃതസഞ്ജീവനിയായിരുന്ന കിണറും കുളവും നാട്ടുപച്ചയോടെ പാലക്കാടൻ ദേശങ്ങൾക്ക് ഹരിത ശോഭ പകർന്നു.
മൂന്ന് പഞ്ചായത്തുകളിലെ ഇരുന്നൂറ് കുളങ്ങൾ നന്നാക്കിയെടുത്തുകൊണ്ടാണ് ഈ മഹായത്‌നം ആരംഭിച്ചത്. ഉപയോഗശൂന്യമായി കിടന്ന കുളങ്ങളിലെയും കിണറുകളിലെയും ചെളി കോരിയെടുത്ത് ആഴം കൂട്ടി. മരുപ്പരപ്പായി മാറിയ അവിടങ്ങളിൽ ഈർപ്പം കിനിഞ്ഞു. ജലാശയ സംരക്ഷണം യാഥാർഥ്യമായി. വരണ്ടുണങ്ങിയ എട്ടു പഞ്ചായത്തുകൾക്ക് ദാഹശമനികളായി കിണറും കുളവും ജലസമ്പന്നമായി. പറളി, പത്തിരിപ്പാല ഭാഗത്തെ പത്ത് കിലോമീറ്റർ ദൂരത്തിൽ അന്നോളം അന്യം നിന്നുപോയ ജലസ്വപ്‌നങ്ങൾ തളിരിട്ടു. ജലം ഉറവയെടുത്തതോടെ ജീവജാലങ്ങൾക്ക് ആയുസ്സ് നീട്ടിക്കിട്ടി. ചെറുതോടുകൾ, ഭൂമിയുടെ തണ്ണീർപന്തലുകളായി മാറി. നാട്ടുമരങ്ങളിൽ ഇലപ്പച്ച തെളിഞ്ഞു.
തുഞ്ചനും കുഞ്ചനും കളിച്ചുല്ലസിച്ച ഭാരതപ്പുഴ, മഹാകവി പി. കുഞ്ഞിരാമൻ നായർ, മഹാകവി വള്ളത്തോൾ, അക്കിത്തം, എം.ടി, ഉറൂബ്, വി.കെ.എൻ, സി. രാധാകൃഷ്ണൻ തുടങ്ങിയ എഴുത്തുകാരുടെ രംഗഭൂമിയായിരുന്ന നിളയോരം. കേരളീയ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സമ്പന്ന സംസ്‌കൃതിയുടെയും നീർപ്രവാഹം ഇനി നിലച്ചുകൂടെന്ന നിശ്ചയദാർഢ്യത്തോടെയുള്ള നിലപാട് -അതാണ് ഇറാം ഗ്രൂപ്പിന്റെ സേവ് വാട്ടർ, സേവ് എർത്ത്.
കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇർഡസ്ട്രിയും ഇറാം ഗ്രൂപ്പും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ ജല ഉച്ചകോടി അതീവ ഗൗരവമുള്ള ചിന്തകളാണ് ഉയർത്തിവിട്ടത്. ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങൾ തുടരാൻ ഉച്ചകോടിയാവശ്യപ്പെട്ടു. ബിജോയ് ഡി. ദാസിന്റെ സംവിധാനത്തിൽ ഒ2ഛ എന്ന പേരിലുള്ള ഡോക്യുമെന്ററിയും ഇത് സംബന്ധിച്ച് പുറത്തിറക്കി.
പ്രകൃതിയെ നാം മനസ്സിലാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തില്ലെങ്കിൽഅതിന്റെ കോപാഗ്‌നിയിൽ നാം വെന്തുരുകുക തന്നെ ചെയ്യും. ഇത് ഒരു പോരാട്ടമാണ്... ആസുരമായ കാലത്തെ നന്മയുടെ പോരാട്ടം.. ഒപ്പം, ഞാനനനുഭവിച്ചതെല്ലാം വരും തലമുറക്ക് കൂടി കാത്തുവെക്കാനുള്ള ആത്മാർത്ഥമായ ശ്രമം... ഇത് തുടർന്നുകൊണ്ടേയിരിക്കും.. ഈ ലോകം മുഴുവൻ ഒപ്പം കൈകോർക്കും വരെ...... സിദ്ദീഖ് അഹമ്മദ് ആത്മവിശ്വാസത്തോടെ പറയുന്നു. ഇ. ടോയ്‌ലറ്റ് പദ്ധതിയിലൂടെ ഇന്ത്യക്കാകെ മാതൃക കാണിച്ച ഇറാം ഗ്രൂപ്പ്ഭാരതപ്പുഴയെ സംരക്ഷിക്കുകയെന്നതോടൊപ്പം വെളിയിട വിസർജനമുക്ത കേരളമെന്ന മുദ്രാവാക്യം കൂടി സാക്ഷാൽക്കരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ മങ്കര, മണ്ണൂർ, പറളി, പിരായിരി, കോട്ടായി പഞ്ചായത്തുകളിൽ 250 ശുചിമുറികളും നിർമിക്കുകയുണ്ടായി. ആരോഗ്യ പരിപാലന രംഗത്തും ശുചിത്വ രംഗത്തും പുതിയ അവബോധം സൃഷ്ടിക്കുന്നതിന്റെ ബൃഹത്തായ കാമ്പയിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും ഡോ. സിദ്ദീഖ് അഹമ്മദ് കൂട്ടിച്ചേർത്തു.
അതെ, മലയാൺമയുടെ മഹിത സംസ്‌കാരത്തിന്റെ അന്തർവാഹിനിയായ ഭാരതപ്പുഴയുടെ പുണ്യം വീണ്ടെടുക്കാനുള്ള ഈ മഹത്തായ യജ്ഞം ഫലപ്രാപ്തിയിലെത്തട്ടെയെന്ന് ആശംസിക്കാം.