അക്ഷരങ്ങളിലും വേഷങ്ങളിലും സാമ്പ്രാദായികമായ ചില ചിട്ടവട്ടങ്ങളിലും പാണ്ഡിത്യത്തെ അളക്കുന്ന വർത്തമാനകാലത്ത് വ്യത്യസ്തമായ ശൈലിയിലൂടെ പാണ്ഡിത്യത്തിന്റെ സർഗാത്മകതയും സൗരഭ്യവും സമൂഹത്തിന് പകർന്നുകൊടുക്കാൻ സാധിച്ച സാധാരണക്കാരനായ പണ്ഡിതനായിരുന്നു വിടപറഞ്ഞ അബ്ദുൽഖാദർ പുല്ലങ്കോട്. പൗരാണിക ഇസ്‌ലാമിക ലോകത്തിന്റെ നേർചിത്രങ്ങൾ വർത്തമാന സമൂഹത്തിന് പകർന്നുകൊടുക്കുന്നതിൽ അബ്ദുൽഖാദർ പുല്ലങ്കോടിന്റെ രചനാവൈഭവം നിർവഹിച്ച പങ്ക് കേരളീയ സാഹിത്യ ലോകം എന്നും അനുസ്മരിക്കും. സങ്കീർണ്ണതകൾക്ക് പകരം സാഹിത്യത്തിന്റെ സാരള്യവും താരുണ്യവും ഒരു പോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനങ്ങളായിരുന്നു പുല്ലങ്കോടിന്റേത്. പ്രസംഗം, ലേഖനം, കഥ, കവിത, ഗാനരചന തുടങ്ങിയ മേഖലകളില്ലാം കഴിവുതെളിയിച്ച സർവ്വകലാ സമ്പന്നനായിരുന്നു അദ്ദേഹം.
കോഡൂർ, പൂക്കോട്ടൂർ എന്നിവിടങ്ങളിലെ പ്രസിദ്ധമായ പുൽപ്പാടൻ കുടുംബത്തിൽ മൊയ്തീൻ മൊല്ലയുടെ മകൻ മമ്മദ് ഹാജിയുടെയും വട്ടപ്പറമ്പിൽ ഫാത്തിമയുടെയും മകനായി 1946 ൽ കാളികാവിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് മമ്മദ് ഹാജി കാളികാവ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും നാട്ടുകാരുടെ പ്രിയപ്പെട്ട നാണിപ്പയുമായിരുന്നു. ചോക്കാട് എൽ പി സ്‌കൂൾ, കാളികാവ് യു പി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ പുല്ലങ്കോടിന് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ നല്ല വായനാശീലമുണ്ടായിരുന്നു. അന്നത്തെ പരിമിത സൗകര്യങ്ങളോട് മല്ലടിച്ച് വളരെയേറെ കഷ്ടപ്പെട്ടാണ് അദ്ദേഹം വായനയെ പോഷിപ്പിച്ചിരുന്നത്. ചരിത്രഗ്രന്ഥങ്ങളോട് പ്രത്യേക താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന് മൗലാനാ ആസാദ്, ഹുമയൂൺ കബീർ തുടങ്ങിയ പ്രഗത്ഭരുടെ രചനകളോടായിരുന്നു കൂടുതൽ ഇഷ്ടം. ഇവരുടെ ഗ്രന്ഥങ്ങളും ലേഖനങ്ങളും കെ പി കേശവമേനോൻ പരിഭാഷപ്പെടുത്തിയത് അദ്ദേഹം ഉപയോഗപ്പെടുത്തി. പൊതുവായനയോടും ആധുനിക വിദ്യാഭ്യാസത്തോടുമായിരുന്നു താല്പര്യമെങ്കിലും പിതാവിന്റെ നിർദ്ദേശപ്രകാരം പള്ളിദർസുകളിൽ ചേർന്ന് ഇസ്‌ലാമിക പഠനം നടത്താനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. കല്ലാമൂല, കരുവാരക്കുണ്ട് തുടങ്ങിയ ദർസുകളിൽ അദ്ദേഹം പഠനം നടത്തി. കരുവാരക്കുണ്ടിൽ പഠിക്കുമ്പോൾ എട്ടു വർഷക്കാലം സമസ്തയുടെ പ്രഗത്ഭ പണ്ഡിതനായിരുന്ന പയ്യനാട് കെ സി ജമാലുദ്ധീൻ മുസ്ല്യാരുടെ ശിഷ്യത്വം ലഭിച്ചത് അറബി ഭാഷയുടെ ഉയരങ്ങളിൽ സഞ്ചരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.
കരുവാരക്കുണ്ടിൽ നിന്നും പഠനം പൂർത്തിയായപ്പോൾ പിതാവ് അദ്ദേഹത്തെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക്കോളേജിലേക്കാണ് അയച്ചത്. മദീനത്തുൽ ഉലൂം അന്ന് ചാലിലകത്തിന്റെ മകനായ എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ നാമം കൊണ്ട് കേരളക്കരയിൽ പ്രസിദ്ധമായിരുന്നു. സഹോദരനും സമസ്തയുടെ അറിയപ്പെടുന്ന പണ്ഡിതനുമായിരുന്ന ജലീൽ ഫൈസിയെ പിതാവ് വണ്ടൂരിലെ സദഖത്തുള്ള മൗലവിയുടെ അരികിലേക്കാണ് പഠനത്തിനായി അയച്ചിരുന്നത്. മദീനത്തിൽ ഉലൂമിൽ അന്ന് കെ എൻ ഇബ്രാഹിം മൗലവി, ആലിക്കുട്ടി മൗലവി തുടങ്ങിയ പ്രഗത്ഭർ അധ്യാപകരായിരുന്നു. മദീനത്തുൽ ഉലൂമിൽ പഠിച്ച് അവിടെ അല്പകാലം അധ്യാപകനായിരുന്ന ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി പഠിപ്പിച്ച ശറഹുൽ അഖാഇദ് വിശ്വാസകാര്യങ്ങളിൽ കൃത്യമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ അദ്ദേഹത്തിന് വലിയ സഹായം ചെയ്തു. പ്രഗത്ഭ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, സൗദി കെ എം സി സി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി, ഉബൈദുല്ല താനാളൂർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികളായി പുളിക്കലിൽ ഉണ്ടായിരുന്നു.
പുളിക്കൽ പഠിക്കുമ്പോൾ അദ്ദേഹത്തിൽ ആത്മാഭിമാനം ഉയർത്തിയ ഒരു സംഭവമുണ്ടായി. വിദ്യാർത്ഥിയായിരിക്കെ തന്നെ അദ്ദേഹം മദീനത്തുൽ ഉലൂം അറബിക്കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചു എന്നതാണത്. അന്നവിടെ അധ്യാപകനായിരുന്ന താനാളൂർ ബാവ മൗലവി അൽഫിയ ചൊല്ലിയതിൽ ഉണ്ടായ ഒരു അബദ്ധം ചൂണ്ടിക്കാണിച്ചപ്പോൾ ആലിക്കുട്ടി മൗലവി അദ്ദേഹത്തോട് അൽഫിയ ചൊല്ലാനും വിശദീകരിക്കാനും പറഞ്ഞു. നൂറാം വരി എത്തിയപ്പോൾ നിർത്താൻ പറയുകയും അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ പ്രിൻസിപ്പാൾ കെ എൻ ഇബ്രാഹിം മൗലവി പുല്ലങ്കോടിനോട് അവിടെ അധ്യാപകനായി ജോലി ചെയ്യാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്തു. കരുവാരക്കുണ്ട് ദർസിൽ ജമാലുദ്ധീൻ മുസ്ല്യാരുടെ ശിഷ്യത്വത്തിൽ നിന്നാണ് അൽഫിയയിലും മഹല്ലിയിലും വലിയ വ്യുൽപത്തി അദ്ദേഹത്തിനുണ്ടായത്.
മദീനത്തുൽ ഉലൂമിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം ചന്ദ്രികയിൽ ചെറുകഥകളും ചരിത്രങ്ങളും എഴുതുമായിരുന്നു. 1969 ൽ പുളിക്കലിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം എഴുത്തിന്റെയും പ്രസംഗത്തിന്റെയും മേഖലകളിൽ സജീവമായി. മുസ്ലിം യൂത്ത് ലീഗിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരികയും ലീഗിന്റെ പ്രാസംഗികരിൽ ഒരാൾ ആയിത്തീരുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂർ തുടർച്ചയായി അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. കെ സി അബൂബക്കർ മൗലവി, പി പി അബ്ദുൽഗഫൂർ മൗലവി തുടങ്ങിയവരുടെ പകരക്കാരനായിട്ടാണ് ആദ്യം പ്രസംഗവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. മുസ്‌ലിംലീഗ് നേതാവും മുൻ ഗവ ചീഫ് വിപ്പുമായിരുന്ന പി സീതിഹാജി അദ്ദേഹത്തിന്റെ ലീഗ് രാഷ്ട്രീയബോധത്തിലും പ്രസംഗവൈഭവത്തിലും ആകൃഷ്ടനാവുകയും വളരെ അടുത്ത ബന്ധം പുലർത്തുകയും ചെയ്തത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കി. സീതിഹാജിയിലൂടെയാണ് അദ്ദേഹം എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റൽ ഹൈസ്‌കൂളിൽ അധ്യാപകനായി എത്തുന്നത്. തുടർന്ന് പി എസ് സി കിട്ടിയ ശേഷം ചെട്ടിപ്പടി ഫിഷറീസ് സ്‌കൂൾ, പുല്ലങ്കോട് എൽ പി സ്‌കൂൾ എന്നീ സ്‌കൂളുകളിൽ ജോലിചെയ്തു. പുല്ലങ്കോട് സ്‌കൂളിൽ നിന്നും വിരമിച്ച ശേഷം എടവണ്ണ ജാമിഅ നദ്‌വിയ്യ, ചുങ്കത്തറ നജാത്തുൽ അനാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഏതാനും വർഷം ദമാം ഇസ്‌ലാഹി സെന്റർ പ്രബോധകനായും പ്രവർത്തിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ നിരവധി സംഘടനാ സ്ഥാനങ്ങൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ വണ്ടൂർ സബ്ജില്ലാ പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു പുല്ലങ്കോട്. ചന്ദ്രികയിൽ എഴുതിയിരുന്ന സ്വഹാബികളുടെ ചരിത്രം പുസ്തകമായപ്പോൾ അവതാരിക എഴുതിക്കൊടുത്തതും സി എച്ചായിരുന്നു. പുളിക്കൽ പഠിക്കുന്ന കാലത്ത് പ്രമുഖ മാപ്പിള കവിയും ഗായകനുമായ വി എം കുട്ടി, കഥാകൃത്ത് എം കെ നാലകത്ത് തുടങ്ങിയവരുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും അവരൊരുമിച്ച് പാട്ടുകളും കഥകളും രചിക്കുകയും ചെയ്തിട്ടുണ്ട്. തൗഫീഖുൽ ഹകം എന്ന വിഖ്യാത അറബി സാഹിത്യകാരൻ രചിച്ച 'അസ്ഹാബുൽ കഹ്ഫ്' എന്ന കഥയുടെ മലയാള വിവർത്തനം എം കെ നാലകത്തുമായി ചേർന്ന് അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. വി എം കുട്ടിയുടെ കൂടെ ചേർന്ന് ഒട്ടനവധി മാപ്പിള ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അദ്ദേഹം രചിച്ച 'ഫിർദൗസിൽ അടുക്കുമ്പോൾ' എന്നു തുടങ്ങുന്ന ഗാനം വർഷങ്ങൾക്ക് ശേഷം മാപ്പിള സമരത്തിന്റെ ചരിത്രം വിവരിക്കുന്ന 1921 എന്ന സിനിമയിലെ ഒരു ഗാനരംഗത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം രചന നിർവഹിച്ച ധാരാളം ഗാനങ്ങൾ കോഴിക്കോട് ആകാശവാണി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
ചന്ദ്രിക ആഴ്ചപ്പതിപ്പിന് പുറമെ കേരളത്തിലെ ഒട്ടു മിക്ക ഇസ്‌ലാഹി മാസികകളിലും വാരികകളും അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വഹാബികൾ, മാതൃകാമഹതികൾ, കനൽപഥങ്ങൾ, വർണ്ണം വിതറിയ മുത്തുനബി, കാലം മായ്ക്കാത്ത കാൽപാടുകൾ, ഉമർ ബിൻ അബ്ദുൽഅസീസ് തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കേരള നദ്‌വത്തുൽ മുജാഹിദീന്റെ വിദ്യാഭ്യാസ ബോർഡ് പുറത്തിറക്കിയ പാഠപുസ്തകങ്ങളിൽ പലതും അദ്ദേഹം രചന നിർവഹിച്ചതാണ്.
മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് കുറേകാലമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനോ രചനകൾ നിർവഹിക്കാനോ സാധിച്ചിരുന്നില്ല. പുസ്തകങ്ങളോടും കുട്ടികളോടും കുടുംബത്തോടും സമയം ചിലവിട്ടും വിഷമതകളും പ്രയാസങ്ങളും പ്രകടിപ്പിക്കാതെ സന്തോഷം പങ്കുവെച്ചും സംതൃപ്തമായി തന്നെ അവസാനനാളുകൾ അദ്ദേഹം കഴിച്ചുകൂട്ടി. ഭാര്യ ആഇശ, മക്കളായ റാഇദ്, മുഹമ്മദ് അക്‌റം, സുരയ്യ, സിദ്ദീഖ, ഡോ: നർഗീസ് എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
പുല്ലങ്കോട് പ്രദേശങ്ങളിൽ ഇസ്‌ലാമിക നവജാഗരണം സൃഷ്ടിക്കുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം കേരളത്തിലെ പൂർവകാല ഇസ്‌ലാഹി പണ്ഡിതന്മാരുമായും മുസ്‌ലിം ലീഗ് നേതാക്കളുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ഇസ്‌ലാമിക വിശ്വാസത്തിലും സംസ്‌കാരത്തിലും ഉറച്ചു നിന്നുകൊണ്ട് തന്നെ സർഗാത്മകതയുടെ വേറിട്ട അടയാളമായി അദ്ദേഹം സമൂഹത്തിൽ സ്വന്തം വ്യക്തിത്വം നിലനിർത്തി. പുല്ലങ്കോട്ടുകാർക്ക് അവരുടെ പ്രിയപ്പെട്ട 'ഇണ്ണി'യെയാണ് നഷ്ടമായതെങ്കിൽ കേരളീയ വായനാ ലോകത്തിനും കലാസാഹിത്യ സമൂഹത്തിനും നഷ്ടമാവുന്നത് ധാർമികതയെ നെഞ്ചോട് ചേർത്ത് സർഗ്ഗപ്രപഞ്ചത്തെ വികസിപ്പിച്ച ഒരു മഹാ പ്രതിഭയെയാണ്.