Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതി; ദല്‍ഹിയില്‍ വീടുകയറിയിറങ്ങി അനുകൂല പ്രചരണത്തിന് അമിത്ഷാ,ജനുവരി 15ന് കേരളത്തില്‍

തിരുവനന്തപുരം- പൗരത്വഭേദഗതിക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന കേരളത്തില്‍ ബിജെപി ഭേദഗതിക്ക് അനുകൂലമായി റാലികളും പ്രചരണപരിപാടികളും സംഘടിപ്പിക്കുന്നു. ജനുവരി 15 മുതല്‍ 25 വരെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ റാലികളും പ്രചരണ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളുമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്ഘാടനദിവസമായ ജനുവരി 15ന് റാലി അഭിസംബോധന ചെയ്യാന്‍ പൗരത്വഭേദഗതി പ്രഖ്യാപിച്ച കേന്ദ്രമന്ത്രി അമിത്ഷായാണ് അതിഥിയായി എത്തുക.

അതേസമയം ഉദ്ഘാടകന്റെ കാര്യം തീരുമാനിച്ചെങ്കിലും എവിടെയായിരിക്കും അന്നേദിവസത്തെ വേദിയെന്ന് തീരുമാനിച്ചിട്ടില്ല.പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയുടെ റാലി നടത്തി അതില്‍ പങ്കെടുക്കാനാണ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്റെ തീരുമാനം. രാജ്യമൊട്ടാകെ നിയമത്തെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തിനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ദല്‍ഹിയില്‍ നടക്കുന്ന വീട് സന്ദര്‍ശനങ്ങളില്‍ അമിത്ഷാ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Latest News