റിയാദ് - വർക്ക് പെർമിറ്റ് നേടാത്ത ആശ്രിത വിസക്കാരനെ ജോലിക്കു വെക്കുന്ന സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് 25,000 റിയാൽ തോതിൽ പിഴ ചുമത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകരായ ആശ്രിതരിൽ ഒരാളെ ജോലിക്കു വെക്കുന്നതിനാണ് കാൽ ലക്ഷം റിയാൽ പിഴ ലഭിക്കുക. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് സ്‌കൂളുകൾക്ക് ഇരട്ടി തുക പിഴ ചുമത്തും. സ്‌പോൺസർഷിപ്പ് മാറാതെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ തൊഴിലാളി കൈമാറ്റത്തിന് അവസരമൊരുക്കുന്ന അജീർ സംവിധാനം വഴിയാണ് സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ ജോലി ചെയ്യുന്നതിന് ആശ്രിത വിസക്കാർ വർക്ക് പെർമിറ്റ് നേടേണ്ടത്.
സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ ആശ്രിത വിസക്കാരെ ജോലിക്കു വെക്കുന്നതിന് അഞ്ചു വ്യവസ്ഥകൾ ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ആശ്രിത വിസക്കാരും സ്‌കൂളുകളും പന്ത്രണ്ടു മാസ കാലാവധിയുള്ള തൊഴിൽ കരാർ ഒപ്പുവെക്കുകയോ കരാർ പുതുക്കുകയോ വേണമെന്നതാണ് വ്യവസ്ഥകളിൽ പ്രധാനം. പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന ആശ്രിത വിസക്കാരനെ ജോലിക്കു വെക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള സമ്മത പത്രം സ്‌കൂളുകൾ അജീർ പോർട്ടലിൽ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. അജീർ സംവിധാനത്തിൽ ആശ്രിതരെ രജിസ്റ്റർ ചെയ്ത് വർക്ക് പെർമിറ്റ് നേടണമെന്നും നിബന്ധനയുണ്ട്. വിദ്യാഭ്യാസ സ്ഥാപനവുമായി ഒപ്പുവെക്കുന്ന തൊഴിൽ കരാർ കാലാവധിക്ക് അനുസൃതമായി ആശ്രിത വിസക്കാരുടെ സ്‌പോൺസർമാരായ രക്ഷാകർത്താക്കളുടെ ഇഖാമക്ക് കാലാവധിയുണ്ടായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്നും വ്യവസ്ഥയുണ്ട്. അജീർ പ്രോഗ്രാം വഴി നേടുന്ന വർക്ക് പെർമിറ്റ് കാലാവധിക്കിടെ ആശ്രിത വിസക്കാരുടെ സ്‌പോൺസർഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാൻ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം നിഷ്‌കർഷിച്ചു.
ഇതിൽ ഏതെങ്കിലും ഒരു വ്യവസ്ഥ ലംഘിക്കുന്നപക്ഷം ആശ്രിത വിസക്കാരന്റെ വർക്ക് പെർമിറ്റ് റദ്ദാക്കി വിദ്യാഭ്യാസ സ്ഥാപനത്തിന് പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇളം പച്ചയും അതിനു മുകളിലും ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ആശ്രിത വിസക്കാരെ നിയമാനുസൃതം ജോലിക്കു വെക്കുന്നതിന് അനുമതിയുള്ളത്. സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ ആശ്രിത വിസക്കാരെ ജോലിക്കു വെക്കുന്നതിനുള്ള ഒരു വർഷ കാലാവധിയുള്ള താൽക്കാലിക വർക്ക് പെർമിറ്റിന് 1,600 റിയാലാണ് ഫീസ്.