ബഗ്ദാദ്- ഇറാനിലെ മുതിർന്ന സൈനിക ജനറലും ഇറാൻ നിഴൽ യുദ്ധത്തിന്റെ ശിൽപിയുമായ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് പൈലറ്റില്ലാ വിമാനത്തിൽ നിന്നുള്ള മിസൈൽ ഉപയോഗിച്ച്. ബഗ്ദാദ് വിമാനത്താവളത്തിനു സമീപം വെച്ച് ഖാസിം സുലൈമാനിയുടെ കാറിനു നേരെ ആക്രമണം നടത്തിയതെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. പുലർച്ചെ വിമാനമിറങ്ങി ഖാസിം സുലൈമാനി നീങ്ങുന്നതിനിടെ കാർഗോ ഏരിയക്കു സമീപത്താണ് അമേരിക്കൻ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ ഖാസിം സുലൈമാനിയുടെ ശരീരം ഛിന്നഭിന്നമായതായി പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സസ് വൃത്തങ്ങൾ പറഞ്ഞു. ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളിൽ നിന്ന് കൈവിരലിൽ അണിഞ്ഞ വലിയ മോതിരം വഴിയാണ് ഖാസിം സുലൈമാനിയെ തിരിച്ചറിഞ്ഞത്. ഖാസിം സുലൈമാനിയും അബൂ മെഹ്ദി അൽമുഹന്ദിസും സംഘവും സഞ്ചരിച്ച രണ്ടു കാറുകൾക്കു നേരെ നാലു മിസൈലുകൾ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്.
ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സ്ഥലത്ത് കത്തിയ കാറുകളുടെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക ടി.വി സംപ്രേഷണം ചെയ്തു. ഇറാഖിലും മേഖലയിലും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും സൈനികർക്കുമെതിരെ ആക്രമണ പദ്ധതികൾ വികസിപ്പിക്കുന്നതിൽ സജീവമായതിനാലാണ് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് പറഞ്ഞു. ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാൻ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുടെ ഉപദേഷ്ടാവ് പറഞ്ഞു.
ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിൻവാങ്ങുന്നതിന് 2018 മെയ് മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനു ശേഷം അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിവെച്ചിടുകയും പാശ്ചാത്യ രാജ്യങ്ങളുടെ എണ്ണ ടാങ്കറുകൾ തട്ടിയെടുക്കുകയും സൗദി അറേബ്യയുടേത് അടക്കമുള്ള എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് പിന്നിലും ഇറാനായിരുന്നു.
ബഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെ ദിവസങ്ങൾക്കു മുമ്പ് ഇറാൻ പിന്തുണയുള്ള മിലീഷ്യകൾ ആക്രമണം നടത്തിയിരുന്നു. രണ്ടു ദിവസം നീണ്ടുനിന്ന ആക്രമണം ബുധനാഴ്ചയാണ് അവസാനിച്ചത്. ബഗ്ദാദ് എംബസി ആക്രമണം മധ്യപൗരസ്ത്യ ദേശത്ത് 750 അമേരിക്കൻ സൈനികരെ അധികം വിന്യസിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രേരിപ്പിച്ചു. ഞായറാഴ്ച ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പിന്തുണയുള്ള മിലീഷ്യയായ കതായിബ് ഹിസ്ബുല്ലയിൽ പെട്ട 25 പോരാളികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബഗ്ദാദ് അമേരിക്കൻ എംബസിക്കു നേരെ ഇറാൻ അനുകൂല മിലീഷ്യ ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച ഇറാഖിലെ സൈനിക താവളത്തിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ അമേരിക്കൻ കോൺട്രാക്ടർ കൊല്ലപ്പെട്ടതിന് തിരിച്ചടിയെന്നോണമാണ് കതായിബ് ഹിസ്ബുല്ല പോരാളികൾക്കു നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ കോൺട്രാക്ടറുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ കതായിബ് ഹിസ്ബുല്ലയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കൻ എംബസി ആക്രമണത്തിനുള്ള തിരിച്ചടിയായും ഇറാനുള്ള ശക്തമായ സന്ദേശമായി കൂടിയാണ് ഖാസിം സുലൈമാനിയെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. ഖാസിം സുലൈമാനിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഇറാനിലേക്ക് കൊണ്ടുപോയി. മറ്റു മൃതദേഹങ്ങൾ അൽഖാദിമിയ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം ചെയ്യും.