റിയാദ്- ബഖാലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ അണിയറയിൽ ഊർജിതമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തുന്ന ചർച്ച അന്തിമഘട്ടത്തിലാണ്. ബഖാലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് അവലംബിക്കാവുന്ന മാർഗങ്ങളെ കുറിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് വാട്‌സ് ആപ്പിലെ സ്വകാര്യ ഗ്രൂപ്പ് വഴി മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മറ്റ് ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബഖാല മേഖലയിൽ ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ളവരുടെ ആധിപത്യമാണെന്ന് സന്ദേശത്തിൽ പറയുന്നു. ബില്യൺ കണക്കിന് റിയാലിന്റെ വരുമാനമാണ് ഈ മേഖലയിൽനിന്ന് ഓരോ വർഷവും വിദേശികൾ നേടുന്നത്. ഈ പശ്ചാത്തലത്തിൽ വിജയകരമായി ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് ആഴത്തിൽ പഠിക്കുകയും വിശകലനം ചെയ്യുകയും വേണമെന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം. ഇന്ത്യയെയും മലയാളികളെയും കുറിച്ച് കൃത്യമായ സൂചന നൽകുന്ന വിധത്തിലാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
സൗദിയിൽ ബഖാല മേഖലയിൽ ആധിപത്യം സ്ഥാപിച്ച ഈ രാജ്യക്കാർ 2010 ൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 681 കോടി ഡോളർ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുഴൽ പണമടക്കമുള്ള അനധികൃത മാർഗങ്ങളിലൂടെ സ്വദേശത്തേക്ക് കടത്തിയ പണം ഇതിനു പുറമെയാണ്. 2013 ൽ ഈ രാജ്യക്കാർ ഗൾഫിൽനിന്ന് ആയിരം കോടി ഡോളർ നിയമാനുസൃത മാർഗങ്ങളിലൂടെ അയച്ചു. 2010 നെ അപേക്ഷിച്ച് 47 ശതമാനം കൂടുതലാണിത്. 2016 ൽ ഇത് 1500 കോടി ഡോളറായി ഉയർന്നെന്നാണ് കണക്കാക്കുന്നത്.
ബഖാല മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് മന്ത്രാലയം തീരുമാനിക്കുന്ന പക്ഷം അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഈ ഏഷ്യൻ രാജ്യക്കാർ ഇന്റർനെറ്റിലൂടെ വിപുലമായ വിശകലനങ്ങളും ചർച്ചകളും നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പുതിയ നിയമങ്ങളുമായി എങ്ങനെ ഒത്തുപോകാമെന്നാണ് ഇവർ വിശകലനം ചെയ്യുന്നത്. ബഖാല സൗദിവൽക്കരണത്തിന് ഏഴു പ്രധാന പ്രതിബന്ധങ്ങളുള്ളതായി ഈ രംഗത്ത് ആധിപത്യം സ്ഥാപിച്ച വിദേശികൾ കണക്കുകൂട്ടുന്നു. പുലർച്ചെ മുതൽ രാത്രി പന്ത്രണ്ടു വരെ ബഖാലകളിൽ ജോലി ചെയ്യുന്നതിന് സൗദികൾക്ക് ബുദ്ധിമുട്ടാകും. ബഖാല സൗദിവൽക്കരണത്തിന് ഇത് ഏറ്റവും വലിയ പ്രതിബന്ധമാകും. ദിവസേന പതിനാറു മണിക്കൂർ വരെ നീളുന്ന ജോലിയിൽ പതിനായിരക്കണക്കിന് സൗദികളെ ആകർഷകമായ വേതനം നൽകി നിയമിക്കുക എളുപ്പമാകില്ല. വർഷത്തിൽ 365 ദിവസവും അവധികളില്ലാതെ ജോലി ചെയ്യുന്നതിനും സൗദികൾക്ക് സാധിക്കില്ല. ക്രെഡിറ്റിൽ സാധനങ്ങൾ വാങ്ങി കൃത്യസമയത്ത് പണമടച്ച് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് സൗദികൾക്ക് പരിചയ സമ്പത്തില്ലാത്തതും ബഖാലകൾ നടത്തുന്ന സൗദികൾക്ക് സാധനങ്ങൾ ക്രെഡിറ്റിൽ ലഭിക്കാത്തതും ഹോം ഡെലിവറി നടത്തുന്നതിന് സൗദികൾക്ക് സാധിക്കാത്തതും സൗദിവൽക്കരണത്തിന് പ്രതിബന്ധമായേക്കും. ബഖാല സൗദിവൽക്കരണം നടപ്പാക്കുന്നതോടെ വിപണിയിൽ പ്രത്യക്ഷപ്പെടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് പര്യാപ്തമായത്ര മറ്റു വ്യാപാര സ്ഥാപനങ്ങളില്ലാത്തതും പ്രശ്‌നമാകും. സൗദിയിൽ നാൽപതിനായിരത്തിലേറെ ബഖാലകളുണ്ട്. എന്നാൽ 700 ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും മാത്രമാണുള്ളത്.
ബഖാല മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നതോടെ സൗദികളെ ജോലിക്കു വെച്ച് നിയമം മറികടക്കുന്നതിന് വിദേശികൾ ശ്രമിക്കുന്നതിന് സാധ്യതയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. മൊത്ത വ്യാപാര മേഖലയിലേക്ക് പ്രവർത്തനം മാറ്റിയും ഹോം ഡെലിവറിയിൽ ശ്രദ്ധയൂന്നിയും ബഖാല സൗദിവൽക്കരണം മറികടക്കുന്നതിനും വിദേശികൾ ശ്രമിച്ചേക്കും. ബഖാലകൾ കൈയൊഴിയുന്നതിന് വിദേശികൾ നിർബന്ധിതമാകുന്നതോടെ വിദേശ നിക്ഷേപ ലൈസൻസ് സമ്പാദിച്ച് വിദേശ കമ്പനികൾ ബഖാലകൾ ഏറ്റെടുക്കാനിടയുണ്ട്. ബഖാല മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികൾ മറ്റു വ്യാപാര മേഖലകളിലേക്ക് പ്രവർത്തനം മാറ്റുന്നതിനും സാധ്യതയുണ്ട്. ബഖാല മേഖലയിൽ ആധിപത്യം സ്ഥാപിച്ച ഏഷ്യൻ രാജ്യക്കാർ നന്നായി പഠിച്ചും ആസൂത്രണം ചെയ്തും കഠിനാധ്വാനം ചെയ്തുമാണ് ഈ രംഗത്ത് വിജയം കൈവരിച്ചത്. ഗൾഫ് രാജ്യങ്ങളിലേക്ക് തന്ത്രപരമായ രീതിയിൽ തൊഴിലാളികളെ അയക്കുന്നതിൽ ഈ രാജ്യക്കാർ വിജയിച്ചിട്ടുണ്ട്. ഈ രാജ്യക്കാരായ ചില സമ്പന്നർക്ക് സൗദിയിലും ഗൾഫിലും ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളുണ്ട്. സൗദിയിൽ ബിസിനസ് മേഖലയിൽനിന്ന് ഈ രാജ്യക്കാർ സമ്പാദിക്കുന്ന ഭീമമായ തുക കണ്ടെത്തുന്നതിന് തടസ്സം ബിനാമി ബിസിനസ് പ്രവണതയാണെന്നും വാട്‌സ് ആപ്പ് സന്ദേശത്തിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.