കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരകയെ വീണ്ടും വേദിയില്‍ വെച്ച് അപമാനിച്ചതിനെ വിമര്‍ശിച്ച് പ്രമുഖ അവതാരക സനിത മനോഹര്‍. മുഖ്യമന്ത്രി നേരത്തേ തന്നെയും വേദിയില്‍ വെച്ച് അപമാനിച്ചിട്ടുണ്ടെന്ന് അവതാരക സനിത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട അവതാരകയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതിനെതിരെയാണ് സനിത മനോഹറുടെ വിമര്‍ശനം. മുഖ്യമന്ത്രി ഇതിനു മുമ്പും അവതാരകരായ സ്ത്രീകളെ വേദിയില്‍ വെച്ച് അപമാനിച്ചിട്ടുണ്ടെന്നും സനിത പറയുന്നു.
'ഇവിടെ അവതാരക പൊതുവെ എല്ലാവരും ചെയ്യുന്നപോലെ ഉദ്ഘാടനം ചെയ്യുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കണമെന്നു പറഞ്ഞു. ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ആയതു കൊണ്ടാണ് എല്ലാവരോടും എഴുന്നേല്‍ക്കണമെന്ന് പറഞ്ഞത്. അവര്‍ ആരെയും നിര്‍ബന്ധിക്കുകയൊന്നും ചെയ്തില്ല', സനിത പറയുന്നു.രാഷ്ട്രീയ കാഴ്ചക്കല്ലാതെ യഥാര്‍ത്ഥത്തില്‍ സ്ത്രീകളോട് ബഹുമാനം ഉണ്ടെങ്കില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ അവതാരകയോട് ആജ്ഞാപിച്ച് ആളാവുകയല്ല വേണ്ടതെന്നും സനിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഇതിന് മുമ്പ് ഒരിക്കല്‍ അവതാരകയുടെ ആമുഖം നീണ്ടുപോയി എന്നു പറഞ്ഞ് പിണറായി വിജയന്‍ വേദിയില്‍ നിന്നും ഇറങ്ങിപോയിട്ടുണ്ടെന്നും സനിത കൂട്ടിച്ചേര്‍ത്തു. മറ്റൊരിക്കല്‍ പ്രസംഗത്തിന് വിളിക്കുന്നതിന് മുമ്പുള്ള വിശേഷണം പൂര്‍ത്തിയാക്കുന്നതിന് മുന്നേ 'മാറി നില്‍ക്ക്' എന്നു പറഞ്ഞ് തന്നെ മുഖ്യമന്ത്രി മാറ്റി നിര്‍ത്തിയെന്നും യുവതി ആരോപിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രി നേരത്തേ സംഘാടകരെ അറിയക്കണമായിരുന്നുവെന്നും യുവതി പറയുന്നു. നിലവിളക്ക് കൊളുത്താന്‍ വിശിഷ്ടാതിഥിയായ പിണറായി വിജയനെ ക്ഷണിച്ച അവതാരക സദസിനോട് എഴുന്നേല്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു . ഇതോടെ മുഖ്യമന്ത്രി അവതാരകയോട് അനാവശ്യ അനൗണ്‍സ്‌മെന്റ് ഒന്നും വേണ്ട എന്ന് നിര്‍ദേശിക്കുകയായിരുന്നു. കേരള റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടനവേളയിലായിരുന്നു സംഭവം.