Sorry, you need to enable JavaScript to visit this website.

അഭയാർത്ഥികൾ: അനുപമ ഇസ്‌ലാമിക മാർഗദർശനം

അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങൾ ലോകത്തിന് എന്നും വലിയ തലവേദനയാണ്.  ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നഷ്ടപ്പെടുകയും പ്രദേശത്തെ പ്രമുഖന്മാരുടെയും അധികാരികളുടെയും ക്രൂരതകൾക്കും പീഡനങ്ങൾക്കും വിധേയരാകുമ്പോഴായിരുന്നു പഴയകാലങ്ങളിൽ ജനങ്ങൾ മറ്റു പ്രദേശങ്ങളിൽ അഭയം തേടിയിരുന്നത്. രാജ്യങ്ങൾക്ക് അതിരുകൾ നിശ്ചയിക്കപ്പെടുകയും അതിന്റെ പേരിൽ അയൽരാജ്യങ്ങളെ ശത്രുതയോടെ കാണുകയും കടുത്ത ദേശീയതാവാദങ്ങൾ രൂപപ്പെടുകയും ചെയ്തതോടെയാണ് ആധുനികലോകത്ത് കുടിയേറ്റങ്ങൾ കൂടാനുണ്ടായ കാരണം. മറ്റു പ്രദേശങ്ങളിൽനിന്നും കടന്നുവന്നവരുടെ മതം, സംസ്‌കാരം, ഭാഷ തുടങ്ങിയവ അധീശത്വം നേടുമോ എന്ന ഭയം അഭയാർത്ഥികളെ ആട്ടിപ്പുറത്താക്കാനും ഉന്മൂലനം ചെയ്യാനും ഭരണാധികാരികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. സ്വതന്ത്രനായി പിറന്നുവീഴുന്ന മനുഷ്യൻ അവന്റെ വിശ്വാസവും സംസ്‌കാരവും ഭാഷയും സ്വീകരിക്കുന്നത് മാതാപിതാക്കളിൽ നിന്നും മുൻതലമുറയിൽ നിന്നുമാണ്. അവയിൽ തന്നെ ഉറച്ചുനിൽക്കാനും അവ ഉപേക്ഷിച്ച് മറ്റു മതമോ സംസ്‌കാരമോ ഭാഷയോ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യ പ്രകൃതിയുടെ സ്വാഭാവികമായ അവകാശത്തിൽ പെട്ടതാണ്. ഈ അവകാശം നിഷേധിക്കപ്പെടുമ്പോഴാണ് ലോകത്ത് പലായനങ്ങൾ ഉണ്ടായിത്തീരുന്നതും അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടുന്നതും.
ലോകചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന സംഭവമാണ് മൂസാ നബിയുടെയും അനുചരന്മാരുടെയും പലായനം. ഫലസ്തീനിലായിരുന്ന യഅ്ഖൂബ് നബി അവസാനകാലത്ത് ഈജിപ്തിലേക്ക് മാറിയതോടെയാണ് അദ്ദേഹത്തിന്റെ സന്താനപരമ്പരയായ ബനൂഇസ്‌റാഈലിന്റെ ചരിത്രം ആരംഭിക്കുന്നത്. യൂസുഫ് നബിയുടെ കാലം കഴിഞ്ഞതോടെ ഈജിപ്തിലെ പരമ്പരാഗത ജനവിഭാഗമായ ഖിബ്ത്വികളിൽപെട്ട ഫറോവൻ വംശം അധികാരം കയ്യടക്കി. ഈജിപ്തിൽ ബനൂ ഇസ്‌റാഈൽ എണ്ണത്തിൽ വർധിക്കുമെന്ന ആശങ്ക ഫറോവയിൽ ശക്തമായി. അധികാരമുപയോഗിച്ച് ഇസ്‌റാഈല്യരെ അടിച്ചമർത്താൻ ഫറോവ ശ്രമിച്ചു. ജനിക്കുന്ന ആൺകുട്ടികളെ കൊന്നൊടുക്കാൻ അയാൾ ഉത്തരവിട്ടു. തങ്ങളുടെ പൂർവികർ ജനിച്ചുവളർന്നു വന്ന മണ്ണായിട്ടുപോലും ഇസ്‌റാഈല്യരെ രണ്ടാം കിട പൗരന്മാരായി അവർ കണ്ടു.  ഭൂമി ദൈവത്തിന്റേതാണെന്നും ഭൂമിയിൽ ജനിച്ചുവീഴുന്ന ഓരോ മനുഷ്യനും തുല്യാവകാശമാണുള്ളത് എന്നുമുള്ള പ്രകൃതിപരമായ നീതി അവിടെ കുഴിച്ചുമൂടപ്പെട്ടു.  മൂസാ പ്രവാചകനായി. ഫറോവാ സ്വയം കൽപിച്ചു പോന്ന ദിവ്യത്വം തള്ളിക്കളഞ്ഞുകൊണ്ട് മൂസാ നബിയും അനുചരന്മാരും സ്രഷ്ടാവും സംരക്ഷകനുമായ ഏകനായ രക്ഷിതാവിനെ മാത്രമേ ആരാധിക്കാവൂ എന്നു പഠിപ്പിക്കപ്പെട്ടപ്പോൾ ഇസ്‌റാഈല്യരെ ഈജിപ്തിൽനിന്നും പുറത്താക്കാനുള്ള ഗൂഢാലോചനകൾ ശക്തമായി.  ഖുർആൻ ഈ ചരിത്രം വിവരിക്കുന്നത് ഇങ്ങനെയാണ്: 'ഫറോവയുടെ ജനതയിലെ പ്രമുഖർ പറഞ്ഞു: ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കൾ മൂസായെയും അവന്റെ ആൾക്കാരെയും അനുവദിച്ചു  വിടുകയാണോ? ഫറോവ പറഞ്ഞു: നാം ഇസ്‌റാഈല്യരുടെ ആൺമക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്യുന്നതാണ്. തീർച്ചയായും നാം അവരുടെ മേൽ സർവ്വാധിപത്യമുള്ളവരായിരിക്കും'. (ഖുർആൻ 7:127)


ഫറോവയിലൂടെ ഫാസിസം പത്തി വിടർത്തിയാടി.  വംശീയ ഉന്മൂലനത്തിന് കോപ്പുകൂട്ടിയ ഫിർഔനിന്റെ ധൃഷ്ടതക്കും ദുഷ്ടതക്കും മുമ്പിൽ മൂസാനബിയും അനുയായികളും സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ബലം കൊണ്ടും ക്ഷമ കൊണ്ടും പിടിച്ചു നിന്നു. ഫറോവയുടെ ഭീഷണിക്ക് മുമ്പിൽ അവർ മുട്ടുമടക്കിയില്ല; ഒരിഞ്ചു പിറകോട്ടുപോയില്ല.  ഒരൊറ്റ സൈനിക ആക്രമണത്തിലൂടെ ഇസ്‌റാഈല്യരെ മുഴുവൻ ആട്ടിയോടിക്കാമെന്നു വിചാരിച്ചുകൊണ്ട് പുറപ്പെട്ട ഫറോവയും കിങ്കരന്മാരും ചെങ്കടലിൽ മുങ്ങിനശിച്ചു. മൂസാനബിക്കും അനുയായികൾക്കും ദൈവികസഹായമുണ്ടായി. ലോകത്തെ വിറപ്പിക്കാൻ ശ്രമിച്ച ഫറോവയെ പോലെയുള്ള സ്വാച്ഛാധിപതികളിൽ മിക്കവർക്കും ഇതുപോലെയുള്ള പര്യവസാനമാണ് ഉണ്ടായിട്ടുള്ളത്.  മനുഷ്യന്റെ ജീവിതസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും നിയമങ്ങളും വ്യവസ്ഥകളുമൊക്കെ ഉണ്ടാക്കി അതിനെ വ്യവസ്ഥാപിതമാക്കുന്നത് തെറ്റല്ല. എന്നാൽ അവയെ പാടെ നിഷേധിക്കുകയും തങ്ങൾക്കിഷ്ടമില്ലാത്ത വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയോ നാടുകടത്തുകയോ ചെയ്യുന്നത് സ്രഷ്ടാവിനോടുള്ള നന്ദികേടും കൊടും പാതകവുമാണ്.  അഭയാർത്ഥികളെ   സമസൃഷ്ടികളായി കണ്ടുകൊണ്ട് മനുഷ്യത്വപരമായ സമീപനങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.  അഭയാർത്ഥികളെ തീവ്രവാദികളായും കുറ്റവാളികളുമായി മുദ്രകുത്തുന്നത് യാഥാർഥ്യങ്ങളെ തള്ളിക്കളയലാണ്.  

അഭയാർത്ഥികളോടുള്ള സമീപനത്തിൽ ഇസ്‌ലാം സ്വീകരിച്ച നിലപാടുകൾ പ്രസക്തമാവുന്നത് ഇവിടെയാണ്. മത ജാതി വർഗ ലിംഗ ദേശ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണാനാണ് ഇസ്‌ലാം ആദ്യമായി പഠിപ്പിക്കുന്നത്. മനുഷ്യന്റെ ഔന്നത്യം ദൈവബോധത്തിലും സംസ്‌കാരത്തിലുമാണ് എന്നു പഠിപ്പിച്ച ഇസ്‌ലാം ദേശീയതക്കോ കുടുംബമഹിമക്കോ അമിതപ്രാധാന്യം നൽകുന്നില്ല. അതെല്ലാം കേവലം തിരിച്ചറിയപ്പെടാനുള്ള വിലാസം മാത്രമാണ്.  'ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു'.  (ഖുർആൻ 49:13). 'അറബിക്ക് അനറബിയേക്കാളോ, നേരെ തിരിച്ചോ യാതൊരു ശ്രേഷ്ഠതയുമില്ല; ദൈവബോധവും സംസ്‌കാരവുമാണ് മനുഷ്യനെ ഉന്നതനാക്കുന്നത്' തുടങ്ങിയ ആശയങ്ങൾ പഠിപ്പിക്കുന്ന പ്രവാചകവചനങ്ങളും ധാരാളമാണ്.  

മക്കയിലെ കിങ്കരന്മാരുടെ കൊടും ക്രൂരതകൾ സഹിക്കാൻ സാധിക്കാതെ മദീനയിൽ വന്ന മുഹാജിറുകളെ മദീനയിലെ അൻസ്വാരികൾ അഭയാർത്ഥികളായിട്ടല്ല കണ്ടത്.  തങ്ങളെ പോലെ അവകാശവും സ്വാതന്ത്ര്യവുമുള്ള മനുഷ്യ സഹോദരങ്ങളായിട്ടാണ് അവരെ സ്വീകരിച്ചത്.  അവിടെ മണ്ണിന്റെ മക്കൾ വാദം ഉണ്ടായില്ല. 'വരത്തന്മാർ' എന്ന ആക്ഷേപമുണ്ടായില്ല.  ഏതൊരു മനുഷ്യനും ഏതൊരു മണ്ണിലും ജീവിക്കാൻ സ്രഷ്ടാവ് നൽകിയ അവകാശത്തെ ഖുർആനികാധ്യാപനങ്ങളിലൂടെയും പ്രവാചക ദർശനങ്ങളിലൂടെയും അവർ മനസ്സിലാക്കിയിരുന്നു.  സ്വന്തം സ്വത്തുക്കൾ പോലും വിട്ടുനൽകി കുടുംബജീവിതത്തിനുള്ള സാഹചര്യങ്ങളുണ്ടാക്കി കൊടുത്തുകൊണ്ടവർ ജീവിതം പങ്കുവെച്ചു.  ആരും ആരുടേയും പൗരത്വത്തെ കുറിച്ച് അന്വേഷിച്ചില്ല. അവരെ കുറിച്ച് ഖുർആൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 'തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവർ സ്‌നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസാറുകൾ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും'. (ഖുർആൻ 59:9).  ഖുർആൻ വിശേഷിപ്പിച്ച ഈ മനുഷ്യസ്‌നേഹമാണ് ഇന്ന് സമൂഹത്തിനാവശ്യം. മറ്റു നാടുകളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് അഭയം ചോദിച്ചുവരുന്നവരെ സ്വന്തം സഹോദരങ്ങളായി കാണാനുള്ള വിശാലമായ മനസ്സ്.  

മദീനയിലേക്ക് വരുന്നതിന് മുമ്പ് ക്രിസ്തീയ മതക്കാരനായ നേഗസ് ഭരിച്ചിരുന്ന എത്യോപ്യയിലേക്കായിരുന്നു പ്രവാചകന്റെ അനുചരന്മാർ പലായനം നടത്തിയിരുന്നത്.  തങ്ങൾക്ക് അഭയം നൽകിയ ഒരു നാട്ടിൽ ന്യൂനപക്ഷമായി കഴിയുന്ന വിശ്വാസി സമൂഹം സ്വീകരിക്കേണ്ട നിലപാടുകൾ അവിടെ നമുക്ക് ദർശിക്കാൻ കഴിയും. സ്വന്തം ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുനൽകി ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നൽകിയ ഒരു ഭരണാധികാരിയെ അനുസരിച്ചും അയാളുടെ വ്യവസ്ഥിതിയെ അംഗീകരിച്ചും സമാധാനപൂർണ്ണമായി ഇതര വിഭാഗങ്ങളുമായി സഹിഷ്ണുതയോടെ ജീവിക്കുകയാണ് വേണ്ടതെന്ന് ഈ സംഭവം പഠിപ്പിക്കുന്നു.  സമാധാനപരമായി ജീവിക്കാൻ അവസരം നൽകിയ രാജ്യങ്ങളിലെ ഭരണത്തെ അട്ടിമറിക്കുകയോ അവിടെ രാഷ്ട്രീയവിപ്ലവം നയിക്കുകയോ അല്ല വേണ്ടത്, മറിച്ച് ഇസ്‌ലാം പഠിപ്പിക്കുന്ന സമത്വ സുന്ദരമായ ആശയങ്ങൾ ജീവിതത്തിൽ പ്രകടിപ്പിക്കുകയും അവയിലെ നന്മകൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയുമാണ് വേണ്ടത് എന്നും ഇത് ബോധ്യപ്പെടുത്തുന്നു.

Latest News