കോഴിക്കോട്- പ്രണയവിവാഹത്തിന്റെ പേരില്‍ യാദവ സമുദായത്തില്‍പ്പെട്ട 25 കുടുംബങ്ങളെ ഊരുവിലക്കുകയും ജാതിഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാകളക്ടറുടെ ഉത്തരവ്. സംഭവം അന്വേഷിക്കാനായി സബ് കളക്ടറെ നിയോഗിച്ചു. അദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ വി സാംബശിവ റാവു അറിയിച്ചു. മൂന്ന് തലമുറ മുമ്പ് ജാതിമാറി വിവാഹം ചെയ്തവര്‍ക്കും അവരുടെ പിന്‍തുടര്‍ച്ചക്കാരെയുമാണ് ഒരുവിഭാഗം നാട്ടുകാര്‍ ക്ഷേത്രപ്രവേശനം നിഷേധിക്കുകയും ഊരുവിലക്കുകയും ചെയ്തത്.
ഗോത്രം മാറി വിവാഹം ചെയ്ത മറ്റുള്ളവര്‍ക്ക് നേരെയും സമാനനടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വാര്‍ത്ത ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതായി സബ്കളക്ടര്‍ അറിയിച്ചിട്ടുണ്ട്. സമുദായ പ്രമാണിമാര്‍ക്ക് നേരെ കേസെടുത്തേക്കുമെന്നാണ് കോഴിക്കോട് ജില്ലാഭരണകൂടം നല്‍കുന്ന സൂചന. ഊരുവിലക്ക് നേരിടുന്ന കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തി.