കോട്ടയം- കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെടാന്‍ ഒരുങ്ങി ജോസ് കെ മാണി വിഭാഗം . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് വിഭാഗം മത്സരിച്ച സീറ്റിലാണ് ജോസ് കെ മാണിവിഭാഗം അവകാശവാദമുന്നയിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ പാലായ്ക്ക് പിന്നാലെ കുട്ടനാട്ടിലും സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് തലവേദന സൃഷ്ടിച്ചേക്കും. കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിയെ താന്‍ പ്രഖ്യാപിക്കുമെന്നായിരുന്നു അദേഹം തൊടുപുഴയില്‍ പ്രസ്താവിച്ചിരുന്നത്.
അതേസമയം മുമ്പ് തങ്ങള്‍ മത്സരിച്ച സീറ്റ് ഇത്തവണ ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാന്‍ ഈ മാസം യോഗം ചേരാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ വേണ്ടെന്ന് യുഡിഎഫ് കേരളാ കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കി.