Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഉൽപന്നങ്ങളിൽ രേഖപ്പെടുത്തേണ്ടത് നികുതി ഉൾപ്പെടെയുള്ള വില -മന്ത്രാലയം

റിയാദ് - വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളിൽ മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള വിലയാണ് രേഖപ്പെടുത്തേണ്ടതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. നികുതി ഒഴിവാക്കിയുള്ള വില രേഖപ്പെടുത്തി കൗണ്ടറുകളിൽ വെച്ച് നികുതി ഉൾപ്പെടുത്തിയുള്ള വില ഈടാക്കുന്നത് നിയമ ലംഘനമാണ്. ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് ഉപയോക്താക്കൾ മന്ത്രാലയത്തിന് പരാതി നൽകണം. 
ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള വിലയാണ് ഉൽപന്നങ്ങളിൽ രേഖപ്പെടുത്തേണ്ടതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കിയത്. ഉൽപന്നങ്ങളിൽ രേഖപ്പെടുത്തുന്ന വിലയും കൗണ്ടറിൽ നിന്ന് ലഭിക്കുന്ന ഇൻവോയ്‌സുകളിലെ വിലയും ഒന്നായിരിക്കണം.
 ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴി ഉപയോക്താക്കൾ പരാതികൾ നൽകണം. സ്ഥാപനം പ്രവർത്തിക്കുന്ന ലൊക്കേഷനും ഫോട്ടോയും പരാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ആപ് വഴി സമർപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 
മൂല്യവർധിത നികുതി ഉൾപ്പെടുത്താതെയുള്ള വില ഉൽപന്നങ്ങളിൽ രേഖപ്പെടുത്തി കൗണ്ടറിൽ വെച്ച് നികുതി അടക്കമുള്ള വില ഈടാക്കി ചില സ്ഥാപനങ്ങൾ തട്ടിപ്പുകൾ നടത്തുന്നുണ്ട്. കൗണ്ടറിൽ പണമടയ്ക്കുമ്പോൾ മാത്രമാണ് ഇത് ഉപയോക്താക്കളുടെ ശ്രദ്ധയിൽ പെടുക. കൂടുതൽ സാധനങ്ങൾ ഒരുമിച്ചു വാങ്ങുമ്പോൾ ഇക്കാര്യം പലരുടെയും ശ്രദ്ധയിൽ പെടാതെ പോവുകയും ചെയ്യും. വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളിൽ നികുതി ഉൾപ്പെടുത്താത്ത വില രേഖപ്പെടുത്തുന്നത് നിയമ ലംഘനമാണെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. 
 

Latest News